കൂത്താട്ടുകുളം: ഒന്നര നൂറ്റാണ്ട് പഴക്കമുള്ള കാലിച്ചന്ത കൂത്താട്ടുകുളത്തിനു അന്യമാകുന്നു. ആയിരക്കണക്കിനു തൊഴിലാളികൾക്കും കച്ചവടക്കാർക്കും ആശാ കേന്ദ്രമായിരുന്ന ചന്ത തൊഴിൽ തർക്കങ്ങളുടെയും സംഘർങ്ങളുടെയും പേരിലാണ് കൂത്താട്ടുകുളത്തിനു നഷ്ടമാകുന്നത്. കൂത്താട്ടുകുളത്തുനിന്നു 10 കിലോമീറ്ററോളം ദൂരമുള്ള മോനിപ്പിള്ളി കുരിശുപള്ളിക്കു സമീപമുള്ള പുരയിടത്തിലാണ് കഴിഞ്ഞ ഞായറാഴ്ച ചന്ത പ്രവർത്തിച്ചത്.
ദിവസങ്ങളായി മാർക്കറ്റിലെ തൊഴിലാളികളും കച്ചവടക്കാരും തമ്മിലുണ്ടായ സംഘർഷവും അടിപിടിയുമാണ് ചന്ത മോനിപ്പിള്ളിയിലേക്കു മാറ്റാൻ കാരണമായത്. കഴിഞ്ഞ 16നു കച്ചവടക്കാരും തൊഴിലാളികളിൽ ചിലരുമായുമുണ്ടായ അടിപിടി വൻ സംഘർഷത്തിനു കാരണമായിരുന്നു. സംഘർഷത്തിനിടെ നിരവധി കച്ചവടക്കാരുടെ പണം നഷ്ടപ്പെട്ടതായും പരാതിയുണ്ട്.
കൂടാതെ ഉരുക്കളെ വാങ്ങാനും വിൽക്കാനുമെത്തിയ കർഷകർക്കും സംഘർഷത്തിൽ പരിക്കേറ്റിരുന്നു. പ്രശ്നത്തിൽ ഇടപെടാൻ നഗരസഭയോ മറ്റു അധികാരികളോ തയാറായില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു. പിന്നീട് കച്ചവടക്കാരും മറ്റും ഇതര മാർഗങ്ങൾ തേടുകയുമായിരുന്നു.
നഗരസഭയ്ക്ക് വർഷം തോറും ആറു ലക്ഷത്തോളം രൂപയുടെ വരുമാനം ലഭിച്ചിരുന്ന മാർക്കറ്റിൽ 30 മുതൽ 50 ലക്ഷം രൂപയുടെ കച്ചവടം നടന്നിരുന്നതായി നാട്ടുകാർ പറയുന്നു.
പ്രശ്നം ഉടൻ പരിഹരിക്കും: നഗരസഭ ചെയർമാൻ
കൂത്താട്ടുകുളം: മാർക്കറ്റിലുണ്ടായ തർക്കങ്ങൾ ഉടൻ രമ്യമായി പരിഹരിക്കുന്നതിനു നഗരസഭ ഇടപെടുമെന്നു ചെയർമാൻ റോയി ഏബ്രഹാം പറഞ്ഞു. ബന്ധപ്പെട്ട കച്ചവടക്കാർ, കർഷകർ, തൊഴിലാളികൾ എന്നിവരെ ഉൾപ്പെടുത്തി ചർച്ച നടത്തി എല്ലാ പ്രശ്നത്തിനും പരിഹാരം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.