കാക്കനാട്: കിടപ്പാടത്തിന് മുകളില്‍ എതുനിമിഷവും നിലംപൊത്താവുന്ന വിധം ഉയര്‍ന്നു നില്ക്കുന്ന മണ്‍തിട്ട ഇടിഞ്ഞുവീണ് മരിച്ചാലും ദുരിതാശ്വാസ ക്യാന്പിലേക്കില്ലെന്നു കീരേലിമല 21 സെന്റ് കോളനിയിലെ കുടുംബങ്ങള്‍.
സുരക്ഷ കണക്കിലെടുത്ത് മഴ മാറുന്നതുവരെ മാറ്റി താമസിപ്പിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം കോളനിക്കാര്‍ അംഗീകരിച്ചില്ല.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവർ ഈ നിലപാട് സ്വീകരിച്ചതോടെ എന്ത് നടപടി സ്വീകരിക്കണമെന്ന് അറിയാതെ അധികൃതര്‍ വെട്ടിലായി.
30 അടിയോളം താഴ്ചയില്‍ മണ്ണെടുത്ത കുഴിയിലാണു കോളനിയിലെ 21 നിര്‍ധന കുടുംബങ്ങള്‍ വര്‍ഷങ്ങളായി ഭീതിയോടെ കഴിയുന്നത്.
പുനരധിവാസത്തിന് ഭൂമി കണ്ടെത്തിയെന്ന പ്രഖ്യാപനമല്ലാതെ പ്രശ്നത്തിന് പരിഹരം ഇതുവരെയുണ്ടായിട്ടില്ല.
ഇത്തവണത്തെ മഴക്കാലത്തും കുടുംബങ്ങളെ ദുരിതാശ്വാസ ക്യാന്പിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്ന പതിവ് നടപടി സ്വീകരിക്കാന്‍ അധികൃതർ ശ്രമിക്കുന്നതാണ് കോളനിവാസികളുടെ പ്രതിഷേധത്തിനു കാരണം. പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് ഇവരുടെ ആവശ്യം.
കോളനി നിവാസികളുടെ ജീവന് ഭീഷണിയായി ഉയര്‍ന്നു നില്ക്കുന്ന മണ്‍തിട്ടയുടെ ഒരു ഭാഗം കഴിഞ്ഞ കാലവർഷത്തിൽ രാത്രിയില്‍ നിലംപൊത്തിയിരുന്നു.
ഏത് നിമിഷവും നിലപൊത്താവുന്ന കൂറ്റന്‍ മണ്‍തിട്ട ഇപ്പോഴും അപകടാവസ്ഥയിലാണ്.
സംരക്ഷണഭിത്തി നിര്‍മിക്കുകയോ സമീപത്തെ പുറമ്പോക്കില്‍ മൂന്ന് സെന്റ് വീതം നല്കി മാറ്റിപ്പാര്‍പ്പിക്കുകയോ ചെയ്യാമെന്നാണ് മുന്‍പ് നൽകിയിരുന്ന വാഗ്ദാനങ്ങള്‍.
സംരക്ഷണഭിത്തി നിര്‍മാണത്തിന് എംഎല്‍എ ഫണ്ടില്‍നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒന്നരക്കോടി അനുവദിച്ചെങ്കിലും ചില്ലിക്കാശ് പോലും ചെലവഴിച്ചില്ലെന്നു കോളനി നിവാസികള്‍ പറയുന്നു.
സമീപത്തെ ഭൂവുടമ കൈവശപ്പെടുത്തിയ പുറമ്പോക്കില്‍ മൂന്ന് സെന്റ് വീതം നല്കി മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടം നേരത്തെ ആലോചിച്ചെങ്കിലും ഭൂവുടമ തടസവാദം ഉന്നയിച്ചതോടെ അതും നടപ്പിലായില്ല.