വളരെ കുറച്ച് ദിവസങ്ങളുടെ വ്യത്യാസം മാത്രമേ കാണൂ! പൂമരത്തിന്റെ റിലീസ് ചെറുതായിട്ടൊന്ന് നീട്ടി; ആരാധകരെ വീണ്ടും നിരാശരാക്കി കാളിദാസ് ജയറാം; ശരിക്കും ഇങ്ങനെയൊരു സിനിമയുണ്ടോയെന്ന് ട്രോളന്മാരും

എബ്രിഡ് ഷൈന്‍ സംവിധാനം നിര്‍വഹിച്ച് കാളിദാസ് നായകനാവുന്ന ചിത്രം, പൂമരത്തിന്റെ റിലീസ് വീണ്ടും മാറ്റിവെച്ചതായി കാളിദാസ് ജയറാം. സാങ്കേതിക കാരണങ്ങളാലാണ് ചിത്രത്തിന്റെ റിലീസ് വീണ്ടും വൈകുന്നതെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കാളിദാസ് തന്റെ ആരാധകരെ അറിയിച്ചിരിക്കുന്നത്.

 

 

ചില ടെക്നിക്കല്‍ പ്രോബ്ലെംസ് കാരണം മാര്‍ച്ച് ഒന്‍പതിന് പൂമരം റിലീസ് എന്നുള്ളത് ചെറിതായിട്ട് ഒന്നു നീട്ടി എന്നുള്ളതാണ് ഒരു നഗ്‌ന സത്യം. വളരെ കുറച്ച് ദിവസങ്ങളുടെ വ്യത്യാസം മാത്രമേ ഉണ്ടാകൂ, എന്നാണ് കാളിദാസ് ഫേസ്ബുക്കില്‍ സരസമായി കുറിച്ചത്.


ചിത്രത്തിന്റെ റിലീസ് വൈകുന്നതുമായി ബന്ധപ്പെട്ട് കാളിദാസിനെയും സംവിധായകനെയും പരിഹസിച്ച് നിരവധി ട്രോളുകള്‍ ഇതിനകം തന്നെവന്നിരുന്നു. ഇക്കാര്യത്തില്‍ കാളിദാസിനെയും എബ്രിഡ് ഷൈനിനെയും ട്രോളിയും കളിയാക്കിയും സിനിമയ്ക്കായി കാത്തിരുന്നും ആരാധകര്‍ പോലും മടുത്ത അവസ്ഥയാണ്. ചിത്രത്തിലെ ഗാനങ്ങളും മറ്റും പുറത്തിറങ്ങിയിട്ട് ഇപ്പോള്‍ ഒന്നര വര്‍ഷത്തോളമായി.

 

 

എബ്രിഡ് ഷൈന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കഴിഞ്ഞ ഫെബ്രുവരിയില്‍ റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ അകാരണമായി റിലീസ് നീളുകയായിരുന്നു. അവസാനമായി മാര്‍ച്ച് ഒമ്പതിന് ചിത്രം റിലീസ് ചെയ്യും എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ആ തീയതിയും ഇപ്പോള്‍ മാറ്റിയിരിക്കുകയാണ്.

 

 

Related posts