കേരളത്തെ, പ്രത്യേകിച്ച് കോഴിക്കോട് ജില്ലയെ പിടിച്ചു കുലുക്കിയ ഒന്നാണ് നിപ്പ വൈറസ് പനി. നിപ്പയുടെ സ്ഥിരീകരണവും പിന്നീടുണ്ടായ പടര്‍ന്നു പിടിക്കലും മരണങ്ങളും അതുമായി ബന്ധപ്പെട്ട ഭയപ്പാടുകളും തെല്ലൊന്നുമല്ല ജനങ്ങളെ പരിഭ്രാന്തരാക്കിയത്. എന്നാല്‍ മനസാന്നിധ്യം കൈവിടാതെയുള്ള പലരുടെയും ഇടപെടലും സമര്‍പ്പണവും കൊണ്ട് നിപ്പയെ നാടു കടത്താനും സാധിച്ചു.
കേരളത്തിന്റെ ആ അതിജീവനത്തെ സിനിമയാക്കുന്നു എന്ന വാര്‍ത്ത സംവിധായകന് ആഷിഖ് അബു പുറത്തുവിട്ടപ്പോള്‍ അത്യധികം സന്തോഷത്തോടെയാണ് മലയാളികള്‍ സ്വീകരിച്ചത്.
പാര്‍വതി, രേവതി, ഫഹദ് ഫാസില്‍, ആസിഫ് അലി, റിമ, കാളിദാസ് ജയറാം, ടോവിനോ തോമസ്, രമ്യാ നമ്പീശന്, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, ചെമ്പന്‍ വിനോദ് തുടങ്ങി വന്‍ താര നിരയാണ് ചിത്രത്തില്‍ അവതരിക്കുക എന്നും ആഷിഖ് അബു അറിയിച്ചിരുന്നു. എന്നാല്‍ കാളിദാസ് ജയറാം ‘വൈറസി’ല്‍ നിന്നും പിന്മാറിയെന്നും പകരം ശ്രീനാഥ് ഭാസിയാണ് ആ കഥാപാത്രം ചെയ്യുകയെന്നും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതിന് മറുപടിയുമായി കാളിദാസ് തന്നെ രംഗത്തു വന്നിരിക്കുകയാണ്.
ചിത്രത്തില്‍ നിന്നും പിന്മാറിയെന്നും ഇതേക്കുറിച്ച് കൂടുതലൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും കാളിദാസ് ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. അതേസമയം കാളിദാസിന്റെ ഈ പിന്മാറ്റം സിനിമാമേഖലയില്‍ ചര്‍ച്ചയാവുകയും ചെയിതിരിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ആഷിഖ് അബുവിന്റെ നിര്‍മ്മാണ കമ്പനിയായ ഒപിഎം ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
വരത്തന് തിരക്കഥയൊരുക്കിയ സുഹാസ്, ഷര്‍ഫു എന്നിവര്‍ക്കൊപ്പം കെഎല്‍ 10 പത്ത് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച, സുഡാനി ഫ്രം നൈജീരിയയുടെ സഹ രചയിതാവായിരുന്ന മുഹ്സിന് പരാരിയും ചേര്‍ന്നാണ് വൈറസിന്റെ രചന നിര്‍വ്വഹിക്കുന്നത്.