ആറ്റിങ്ങല്‍: ആറ്റിങ്ങലിന്റെ അഭിമാനമായ കൊല്ലമ്പുഴ തിരുവാറാട്ടുകാവ് കാളിദാസന്റെ കൊമ്പ് മുറിച്ചു. കൊമ്പുകള്‍ വളര്‍ന്ന് ഭാരം കൂടിയതോടെ മസ്തകമുയര്ത്താനും ഭക്ഷണം കഴിക്കാനും പ്രയാസപ്പെടുന്ന നിലയിലായിരുന്നു കാളിദാസന്.
ദേവസ്വംബോര്‍ഡിന്റെ നേതൃത്വത്തിലാണ് ഇന്നലെ കാളിദാസന്റെ കൊമ്പുകള്‍ മുറിച്ച് നീക്കിയത്. കാളിദാസന്റെ കൊമ്പ് മുറിക്കുന്നതറിഞ്ഞ് ധാരാളം നാട്ടുകാര്‍ സ്ഥലത്തെത്തിയിരുന്നു.
ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജെ.എസ്.സുരേഷ്, വെറ്റിനറി സര്ജന് രാജീവ്, ഫോറസ്റ്റ് വെറ്റിനറി ഡോക്ടര്‍ ജയകുമാര്‍, സീനിയര്‍ ഫോറസ്റ്റ് ഓഫീസര്‍ നബീറുദ്ദീന്, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീകുമാര്‍, കൗണ്‍സിലര്‍ ആര്. എസ്.പ്രശാന്ത്, ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി രഞ്ജിത്ത്, വൈസ്പ്രസിഡന്റ് പി.എസ്.കിരണ്‍, സതീഷ് എന്നിവര്‍ പങ്കെടുത്തു.
രണ്ട് കൊമ്പില്‍ നിന്നും 39 സെന്റീ മീറ്റര്‍വീതമാണ് മുറിച്ച് മാറ്റിയത്. കൊമ്പ് വനംവകുപ്പ് സൂക്ഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.