കോഴിക്കോട്: നഗരത്തിൽ അലഞ്ഞുതിരിഞ്ഞു പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും അസൗകര്യം സൃഷ്ടിക്കുന്ന കന്നുകാലികളുടെ ഉടമകളിൽ നിന്ന് ആയിരം രൂപ തോതിൽ പിഴ ഈടാക്കാൻ നഗരസഭാ കൗൺസിൽ യോഗത്തിന്റെ അനുമതി.
കേരള മുനിസിപ്പൽ ആക്ടിലെ 439(3) വകുപ്പു പ്രകാരവും, കേരള കന്നുകാലി അതിക്രമ നിയമപ്രകാരവും പിടിത്ത ക്കൂലി, തീറ്റക്കൂലി എന്നിവയ്ക്കുപുറമെ, നൂറു രൂപയായിരുന്നു ഇതുവരെ പിഴ.
കേരള മുനിസിപ്പൽ ആക്ടിലെ 439(3) വകുപ്പു പ്രകാരവും, കേരള കന്നുകാലി അതിക്രമ നിയമപ്രകാരവും പിടിത്ത ക്കൂലി, തീറ്റക്കൂലി എന്നിവയ്ക്കുപുറമെ, നൂറു രൂപയായിരുന്നു ഇതുവരെ പിഴ.
ഇതു കുറവായതിനാൽ കന്നുകാലികളെ നഗരത്തിൽ മേയാൻ വിടുന്നതിൽ യാതൊരു മാറ്റവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് തുക വർധിപ്പിച്ചത്. അതേസമയം, പിഴ അയ്യായിരമാക്കണമെന്ന് കൗൺസിൽ യോഗത്തിൽ നിർദേശമുയർന്നു. ഇപ്പോഴത്തെ വർധനയ്ക്കു മുൻകൂട്ടി അനുമതി നൽകികഴിഞ്ഞതിനാൽ അടുത്തുതന്നെ ഈ നിർദേശം പ്രാബല്യത്തിൽ വരുത്താൻ ശ്രമിക്കുമെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ മറുപടി നൽകി.
നിയമപ്രകാരം അയ്യായിരം രൂപവരെ പിഴ ഈടാക്കാവുന്നതാണെന്ന് ഹെൽത്ത് ഓഫീസർ ഡോ. ആർ.എസ്. ഗോപകുമാർ വിശദീകരിച്ചു. പിടികൂടുന്ന കന്നുകാലികളെ രണ്ടു ദിവസം മാത്രമെ നഗരസഭയുടെ ആലയിൽ സൂക്ഷിക്കൂ. അതു കഴിഞ്ഞാൽ ലേലം ചെയ്യും. ഉടമസ്ഥനില്ലാത്ത രണ്ട് കാലികളെ 47000 രൂപയ്ക്ക് ലേലം ചെയ്ത തുക നഗരസഭയുടെ അക്കൗണ്ടിൽ വന്നതായും ഹെൽത്ത് ഓഫീസർ പറഞ്ഞു.