വൈക്കം: മണ്‍പാത്ര നിർമാണ വ്യവസായം പ്രതിസന്ധിയിലായതിനെത്തുടർന്ന് മൺപാത്ര നിർമാണത്തിലേർപ്പെട്ട കുടുംബങ്ങളുടെ ജീവിതം വഴിമുട്ടുന്നു.കോവിഡില്‍ തകര്‍ന്നടിഞ്ഞതാണ് മണ്‍പാത്ര വ്യവസായം. മൺപാത്രം മെനയാനുള്ള കളിമണ്ണിനും പാത്രത്തിന് ഉറപ്പു ലഭിക്കാൻ കളിമണ്ണിൽ കലർത്തുന്ന പൊടിച്ചരലിനും വില വർധിച്ചതോടെ പല കുടുംബങ്ങളും കളിമൺ പാത്രനിർമാണം നിർത്തി.
ആരോഗ്യ സംരക്ഷണത്തിന്
മൺപാത്രങ്ങൾ ആരോഗ്യ സംരക്ഷണത്തിന് ഏറെ അഭികാമ്യമാണെങ്കിലും അസംസ്കൃത വസ്തുക്കളുടെ വില അധികരിച്ചതോടെ മൺപാത്രങ്ങൾക്ക് വില കൂട്ടാൻ മൺപാത്ര നിർമാതാക്കളും നിർബന്ധിതരായി. വൈക്കത്ത് വൈക്കപ്രയാറിലെ 35 കുടുംബങ്ങള്‍ ഈ മേഖലയില്‍ പണിയെടുക്കുന്നുണ്ട്.
മൺകുടം, മൺകൂജ, കറിച്ചട്ടി, ചെടിച്ചട്ടി തുടങ്ങിയവയ്ക്ക് ആവശ്യക്കാർ കുറഞ്ഞു. പാണ്ടിച്ചട്ടികളുടെ വരവും ഈ പരമ്പരാഗത മേഖലയ്ക്ക് തിരിച്ചടിയായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കള്ളു ചെത്തുന്ന തൊഴിലാളികൾ കള്ളുമാട്ടം വാങ്ങിയിരുന്നത് വൈക്കപ്രയാറിലും സമീപ സ്ഥലങ്ങളിലുമുള്ള മൺപാത്രനിർമാണ തൊഴിലാളികളിൽ നിന്നായിരുന്നു.
കള്ളു ചെത്തു വ്യാപകമായി നടക്കുന്ന പാലക്കാട്ടും മറ്റും മറ്റു സ്ഥലങ്ങളിൽനിന്നും കള്ളുമാട്ടങ്ങളെത്തിയതോടെ വർഷങ്ങളായി ഈ മേഖലയെ പിടിച്ചുനിർത്തിയിരുന്ന പിടിവള്ളിയുമറ്റു. കുലത്തൊഴിലിനോടുള്ള അഭിനിവേശം മൂലം ഏതാനും വയോധികരിപ്പോഴും നഷ്ടക്കയത്തിലായിട്ടും മൺപാത്ര നിർമാണത്തിൽ വ്യാപൃതരാകുന്നുണ്ട്.
പൈതൃകം കാക്കാൻ
ഏറെ വൈദഗ്ധ്യം വേണ്ട ഈ തൊഴിലിനോടുള്ള ആരാധനയാൽ മറ്റു പണികൾക്കൊപ്പം മൺപാത്രം മെനഞ്ഞ് പൈതൃകം കാത്തുസൂക്ഷിക്കാൻ കുറച്ചു യുവാക്കളും രംഗത്തുണ്ട്.മണ്‍പാത്ര വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാന്‍ സർക്കാർ പദ്ധതികള്‍ ആവിഷ്കരിച്ചില്ലെങ്കിൽ ഒരു പരമ്പരാഗത വ്യവസായം കൂടി ഓര്‍മയാകുന്ന കാലം വിദൂരമല്ല.
സാംസ്കാരികവകുപ്പ് വൈക്കപ്രയാറിൽ റൂറൽ ആർട്ട് ഹബ് പ്രോജക്ടിൽ ഉൾപ്പെടുത്തി യുവതികൾക്കടക്കം നിരവധി പേർക്ക് കളിമണ്ണ് ഉപയോഗിച്ച് നൂതനമായ വസ്തുക്കൾ മെനയുന്നതിൽ പരിശീലനം നൽകുകയും ഈ രംഗത്തെ നൂതന യന്ത്രങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു. വിജയകരമായി പരിശീലനം പൂർത്തിയാക്കിയ ഇവർക്ക് തുടർപ്രവർത്തനങ്ങളിലേർപ്പെടുന്നതിന് സാമ്പത്തിക പരാധീനത മൂലം കഴിഞ്ഞില്ല.
ഭക്ഷണം പാകം ചെയ്യാനായി മൺചട്ടിയും മൺകുടങ്ങളും വാങ്ങുന്നവരുടെ എണ്ണം പേരിനുമാത്രമായെങ്കിലും ചെടിച്ചട്ടികൾ, കൂജകൾ, തൃക്കാർത്തികയ്ക്കും ദീപാവലിക്കും ദീപ ക്കാഴ്ചയൊരുക്കാനായി മൺചെരാതുകൾ തുടങ്ങിയവയ്ക്കായി ആവശ്യക്കാൾ ഇപ്പോഴുമുണ്ട്.
ചില പള്ളികളും ക്ഷേത്രങ്ങളും പ്ലാസ്റ്റിക്കിനെ പടിയിറക്കാനായി മൺപാത്രങ്ങൾ വാങ്ങാൻ ഉദാരത കാട്ടിയത് മൺപാത്ര നിർമാണമേഖലയിൽ ഏറെ ആശ്വാസം പകരുന്നു. ആലപ്പുഴ ജില്ലയിലെ തങ്കി പള്ളിയിലും കണ്ണമാലി പള്ളിയിലും നേർച്ചക്കഞ്ഞി വിതരണം വൈക്കപ്രയാറിൽ നിന്നെത്തിച്ച മൺപാത്രങ്ങളിലാണ്.