തൃക്കരിപ്പൂർ: റെയിൽവേ ഫ്ലാറ്റ്ഫോമിൽ ഓടിക്കളിക്കുകയായിരുന്ന മകൻ റെയിൽ ട്രാക്കിലേക്ക് വീഴുമെന്ന ഭയത്തിൽ രക്ഷിക്കാൻ ഓടുന്നതിനിടയിൽ കാലുകൾ നഷ്ടപ്പെട്ട പിതാവ് കാളിമുത്തുവിന് സഹായവുമായി സുമനസുകൾ. തമിഴ്നാട്ടിൽ മൂന്ന് മാസം മുമ്പ് സംഭവിച്ച അപകടത്തിന് ശേഷം കളിമുത്തുവിന്റെ ഇരു കാലുകളും മുറിച്ചു മാറ്റേണ്ടി വന്നിരുന്നു. കൃത്രിമ കാൽ ഒരു ഭാഗത്തിട്ടു കട്ടിലിൽ നിന്നും ഇറങ്ങണമെന്ന് ആഗ്രഹമുണ്ടെങ്കിലും മുട്ടിനു താഴെ അറ്റുപോയ ഭാഗം ഇനിയും ഉണങ്ങിയിട്ടില്ല.
തൃക്കരിപ്പൂർ പൂച്ചോലിലെ വാടക വീട്ടിൽ ഭാര്യയും രണ്ടു മക്കൾക്കുമൊപ്പം കഴിയുന്ന കാളിമുത്തു ജീവിതം എങ്ങിനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് പകച്ചു നിൽക്കുകയാണ്. കാളിമുത്തുവിനുണ്ടായ അപകടം അറിഞ്ഞു യൂത്ത് കോൺഗ്രസ് പടന്ന മണ്ഡലം പ്രസിഡന്റ് എ.ജി. കമറുദ്ദീൻ, വൈസ് പ്രസിഡന്റ് ഷംസീർ പള്ളിക്കൽ എന്നിവരാണ് കാളിമുത്തുവിനും കുടുംബാംഗങ്ങൾക്കും പുതുവസ്ത്രങ്ങളും സാമ്പത്തീക സഹായങ്ങളുമായി എത്തിയത്.
മൂന്നു മാസങ്ങൾക്ക് മുമ്പ് കാളിമുത്തുവും കുടുംബവും തിരുപ്പതി ക്ഷേത്ര ദർശനത്തിന് ശേഷം ചെങ്കൽപേട്ട്മേൽമറവത്തൂർ ക്ഷേത്ര ദർശനത്തിനെത്തി മേൽമറവത്തൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി ക്ഷേത്രത്തിലേക്ക് പോകാനൊരുങ്ങുമ്പോൾ മൂന്ന് വയസുകാരനായ അൻവിത്ത് കുമാർ പ്ലാറ്റ്ഫോമിലൂടെ മുന്നോട്ട് ഓടി, ആ സമയം സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ മുന്നോട്ട് നീങ്ങുകയായിരുന്നു. മകനെ പിടിക്കാൻ പിറകെയോടിയ കാളി മുത്തു ട്രാക്കിലേക്ക് വീഴുകയായിരുന്നു.
ഉടൻ ട്രെയിൻ നിർത്തിയെങ്കിലും കാളി മുത്തുവിന്റെ വലത് കാൽമുട്ടിന് മുകളിൽ വെച്ച് മുറിഞ്ഞുപോയി. അപകടത്തിൽ ഇടത് കാൽപാദവും അറ്റുപോയിരുന്നു. ശസ്ത്രത്രക്രിയയിലൂടെ കാൽ തുന്നിച്ചേർക്കാനുമായില്ല. നാൽപത് വർഷമായി തൃക്കരിപ്പൂരിൽ താമസിച്ച് ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽപന നടത്തി കഴിഞ്ഞുവരുന്ന ചിന്നക്കൊടുമ്പുസ്വാമിയുടെയും മുത്തുക്കുട്ടിയുടെയും മൂത്ത മകനായ കാളിമുത്തു ജനിച്ചതും പഠിച്ചതും തൃക്കരിപ്പൂരിലാണ്.
ജ്യോതിയാണ് ഭാര്യ. ഡിഗ്രി കഴിഞ്ഞ ജ്യോതി ഇപ്പോൾ വീട്ടിൽ തയ്യൽ പഠിച്ചു വരികയാണ്. ഇവരുടെ മൂത്ത മകൻ അക്ഷയ് കുമാർ തൃക്കരിപ്പൂർ മുജമ്മ സ്കൂളിൽ മൂന്നാം തരം വിദ്യാർഥിയാണ്.