തളിപ്പറമ്പ്: കലുങ്കിന്റെ ഭിത്തി തകര്‍ന്നത് പൊതുമരാമത്ത് അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല. അപകടസൂചന നല്കാന് നാട്ടുകാരുടെ വക ചുവന്ന ടീഷര്‍ട്ടും കുപ്പികളും. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത 36 ല്‍ കരിമ്പം ഫാമിനു സമീപത്തെ കലുങ്കിന്റെ പാര്‍ശ്വഭിത്തി തകര്‍ന്നത് അപകടഭീതി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ സിഗ്നല്‍ സ്ഥാപിച്ചത്.
സംസ്ഥാനപാതയില്‍ കരിമ്പം ഫാമിനുളളില്‍ നിന്ന് ഒഴുകിയെത്തുന്ന തോടിന് കുറുകെ നിര്‍മിച്ച അരനൂറ്റാണ്ടിലേറെ പഴക്കമുളള കലുങ്കിന്റെ പാര്‍ശ്വഭിത്തിയാണ് തകര്‍ന്നത്. വളരെ വീതികുറഞ്ഞ കലുങ്ക് പാര്‍ശ്വഭിത്തി തകര്‍ന്നതോടെയാണ് കൂടുതല്‍ അപകടത്തിലായത്.
രണ്ടു ബസുകള്‍ കഷ്ടിച്ചു കടന്നുപോകാനുളള വീതി മാത്രമേ ഇതിനുളളു. ഇവിടെ മുന്നറിയിപ്പു ബോര്‍ഡുകളൊന്നും സ്ഥാപിച്ചിട്ടില്ല. വീതിയുളള റോഡില്‍ നിന്നും വാഹനങ്ങള്‍ വീതികുറഞ്ഞ കലുങ്കിലേക്കു പ്രവേശിക്കുന്നതിനാല്‍ നിരവധിതവണ അപകടം സംഭവിച്ചിരുന്നു. കാലപ്പഴക്കം കൊണ്ട് സ്ലാബുകള്‍ക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്.
കാടുമൂടി കിടന്നതിനാല്‍ തകര്‍ന്ന പാര്‍ശ്വ ഭിത്തിയും റോഡും പാലവും തമ്മിലുളള വീതിവ്യത്യാസവും ആരുടെയും ശ്രദ്ധയില്‍പ്പെടില്ല. ഇത് വലിയ അപകടത്തിന് ഇടയാക്കുന്നതിനാല്‍ കലുങ്ക് അപകടാവസ്ഥയിലാണെന്ന് നാട്ടുകാരും സംഘടനകളും നിരവധി തവണ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു.
കൂടാതെ പിഡബ്ല്യുഡി പാലം വിഭാഗം കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ കലുങ്ക് തകര്‍ച്ചാ ഭീക്ഷണിയിലാണെന്നും കണ്ടെത്തിയിരുന്നു. തളിപ്പറമ്പ് പൊതുമരാമത്ത് വകുപ്പ് അധികൃതർ 26 ന് സ്ഥലം പരിശോധിച്ചിരുന്നുവെങ്കിലും തുടര്‍നടപടികളുണ്ടായില്ല. രാപകലില്ലാതെ വാഹനങ്ങള്‍ കടന്നുപോകുന്നതിനാല്‍ ഗത്യന്തരമില്ലാതെയാണ് നാട്ടുകാര്‍ക്ക് പഴയ ചുവന്ന ടീഷര്‍ട്ടും പ്ലാസ്റ്റിക് കുപ്പികളും വച്ച് അപകടസൂചന നല്‍കിയിരിക്കുന്നത്.