പേരാമ്പ്ര: റോഡ് നവീകരണത്തിന്റെ ഭാഗമായി ടൗണിലെ മൂന്നു ഭാഗത്തെ കലുങ്കുകൾ പൊളിക്കുകയും വടകര റോഡിൽ പുന:രുദ്ധാരണ പ്രവർത്തി നടത്തുകയും ചെയ്യുന്നതിനാൽ പേരാമ്പ്ര ടൗണിൽ അസഹനീയമായ ഗതാഗതക്കുരുക്ക്. പ്രധാന റോഡിലും ഉപറോഡുകളിലും വാഹനങ്ങളുടെ നീണ്ട നിരയാണ്.
രണ്ടു മിനിട്ടിനുള്ളിൽ കടന്നു പോകേണ്ട വാഹനങ്ങൾ അര മണിക്കൂറോളം നഗരത്തിൽ കുടുങ്ങിക്കിടക്കുന്ന കാഴ്ച പതിവാണ്. ആശുപത്രികളിലും വിദ്യാലയങ്ങളിലും ഓഫീസുകളിലും എത്തേണ്ടവർ വൈകുകയാണ്. ആംബുലൻസുകൾ പോലും കുരുക്കിൽ പെട്ടു വലയുന്ന സ്ഥിതിയുണ്ട്. വഴിതിരിഞ്ഞു പോകാൻ വേറേ റോഡുമില്ല. ഇതിനിടയിലൂടെ പ്രകടനവും ഘോഷയാത്രയും കൂടിയായാൽ സ്ഥിതി വഷളാകും.
നവീകരണ പ്രവർത്തി തീരുന്നതുവരെ പേരാമ്പ്ര ടൗണിൽ പ്രകടനങ്ങളും ഘോഷയാത്രകളും നടത്തുന്നത് നിരോധിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.കലുങ്കുകളും പാലങ്ങളും പൊളിച്ചു മാറ്റുന്ന പ്രവൃത്തി മൂലം ടൗണിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അടിയന്തിര നടപടി വേണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത് ആവശ്യപ്പെട്ടു. എല്ലാ പ്രവൃത്തികളും ഒരേ സമയത്ത് തന്നെ ചെയ്യാനുള്ള അധികൃതരുടെ തീരുമാനമാണ് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായത്.
സാധാരണ നിലയിൽ തന്നെ പേരാമ്പ്രയിൽ ഗതാഗത തടസ്സം പതിവാണെന്നിരിക്കെയാണ് കലുങ്ക് നവീകരണത്തിന്റെ പേരിലുള്ള ഇപ്പോഴത്തെ കുരുക്ക്. ടൗണിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ യാത്രക്കാർക്ക് ഏറെ ആശ്വാസമായിരുന്ന ചെമ്പ്ര റോഡ് പൂർണമായും അടച്ചിട്ടിട്ട് ഒരാഴ്ച കഴിഞ്ഞു.
ഇതിനിടെയാണ് മാർക്കറ്റ് പരിസരത്തെ കലുങ്കും പൊളിച്ചത്. പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നത് ജനത്തെ വലച്ചിട്ടും അധികൃതർ വേണ്ട രീതിയിൽ ഇടപെടാത്തത് പ്രതിഷേധാർഹമാണെന്നും ഗതാഗതക്കുരുക്കിന് ഉടൻ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.