അന്തിക്കാട്: കാണാമറയത്തെ പേരറിയാത്ത കൂട്ടുകാർക്ക് ഒരു വണ്ടി നിറയെ കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളുമായി കളിപ്പാട്ടവണ്ടി ദുരിത ബാധിത പ്രദേശങ്ങളിലേക്ക് അന്തിക്കാട് കെജിഎം എൽപി സ്കൂളിൽ നിന്ന് ഇന്നലെ പുറപ്പെട്ടു.
ദുരന്തമുഖത്ത് സർവ്വവും നഷ്ടപ്പെട്ട കുഞ്ഞുബാല്യങ്ങളുടെ നിറപുഞ്ചിരി തിരികെ കൊണ്ടുവരാൻ ഈ സ്കൂളിലെ കുട്ടികൾ ശേഖരിച്ച കളിപ്പാട്ടങ്ങളാണ് ഈ വണ്ടിയിലുള്ളത്.സിനിമാ സംവിധായകൻ സത്യൻ അന്തിക്കാട് കളിപ്പാട്ട വണ്ടിയുടെ വഴികാട്ടിയായി ഫ്ളാഗ്ഓഫ് ചെയ്തു. മറ്റുള്ളവരുടെ ദുഃഖത്തിൽ കാരുണ്യം പകരണമെന്ന സന്ദേശമാണ് കളിപ്പാട്ടങ്ങൾ ശേഖരിച്ചതുവഴി കുട്ടികൾക്ക് പകർന്നിട്ടുള്ളത് – സത്യൻ അന്തിക്കാട് പറഞ്ഞു.
അന്തിക്കാട്ടുകാരുടെ സ്നേഹമാണ് കളിപ്പാട്ടവണ്ടി. അമ്മയാണു പ്രകൃതിയെന്ന് പറയുമെങ്കിലും അമ്മയായി പ്രകൃതിയെ കാണുന്നത് ചുരുക്കമാണ്. ഇനിയെങ്കിലും പ്രകൃതിയെ അമ്മയായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിടിഎ പ്രസിഡന്റ് ഫിജി അധ്യക്ഷയായിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി.ശ്രീവത്സൻ, സമഗ്ര ശിക്ഷ കേരള പ്രോജക്ട് കോ ഓർഡിനേറ്റർ പ്രകാശ് ബാബു, ബിആർസി ബിപിഒ അജിത ടീച്ചർ, ഡയറ്റ് ഫാക്കൽറ്റി പ്രസി ടീച്ചർ, എംപിടിഎ പ്രസിഡന്റ് റജീന നാസർ തുടങ്ങിയവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ ജോഷി ഡി കൊള്ളന്നൂർ സ്വാഗതം പറഞ്ഞു. കുട്ടികൾ ശേഖരിച്ച കളിപ്പാട്ടങ്ങളും പഠനോപകരങ്ങളും നിറച്ച വണ്ടി നിലന്പൂർ എഇ ഓഫിസിലേക്കാണു യാത്ര.