മേലധികാരികളിൽനിന്നു ശകാരമേറ്റവർ, ബിസിനസിൽ നഷ്ടദിനം നേരിട്ടവർ, കാമുകിയാൽ ഉപേക്ഷിക്കപ്പെട്ടവർതുടങ്ങി പല കാരണങ്ങളാൽ മനഃസംഘർഷത്തിലായി കലി പൂണ്ടിരിക്കുന്നവർക്ക് കലി തീർക്കാൻ വേറിട്ട മാർഗമൊരുക്കിയിരിക്കുകയാണു സിംഗപ്പൂരിലെ ഒരു സ്ഥാപനം. “ഫ്രാഗ്മെന്റ് റൂം’ അഥവാ “കലിമുറി’ എന്ന സ്ഥാപനമാണ് സിംഗപ്പൂരിൽ വ്യവസായിയായ റോയ്സ് ടാൻ ആരംഭിച്ചിരിക്കുന്നത്.
നിശ്ചിത തുക നൽകി ഈ മുറിയിൽ കയറുന്നവർക്കു തങ്ങളുടെ പകയും മാനസിക സംഘർങ്ങളും തീരുംവരെ വസ്തുവകകൾ അടിച്ചു നശിപ്പിക്കാൻ കഴിയും. ഗ്ലാസ് പാളികൾ, ടെലിവിഷൻ, പ്രിന്റർ, കംപ്യൂട്ടർ എന്നിങ്ങനെയുള്ള ഉപകരണങ്ങളാണ് ഇവിടെ ആളുകളുടെ പ്രഹരമേൽക്കാൻ സജ്ജീകരിച്ചിട്ടുള്ളത്. എന്നാൽ, ഈ ഉപകരണങ്ങളെല്ലാം പഴയതും ഉപയോഗശൂന്യവുമാണ് കേട്ടോ. പ്രത്യേക സുരക്ഷാ ജാക്കറ്റ് ധരിപ്പിച്ച ശേഷം ബേസ്ബോൾ ബാറ്റും കൈയിൽ ഏൽപ്പിച്ചാണ് ശാന്തി തേടിയെത്തുന്നവരെ കലിമുറിയിലേക്കു പ്രവേശിപ്പിക്കുക. ഈ ബാറ്റ് ഉപയോഗിച്ചാണു സർവം നശിപ്പിക്കേണ്ടത്.
എല്ലാം നശിപ്പിച്ചു മനസും ശരീരവും ശാന്തമാകുന്പോൾ മുറി വിടാം. കൗതുകത്തിനു തുടങ്ങിയ കലിമുറി ഇപ്പോൾ വലിയ വിജയമായി മാറിയിരിക്കുകയാണെന്നാണ് ഉടമ റോയ്സ് ടാൻ പറയുന്നത്. എന്നാൽ, ആളുകളുടെ നശീകരണ സ്വഭാവം കൂട്ടാനേ മുറി സഹായിക്കൂ എന്ന കടുത്ത വിമർശനവും ഉയർന്നിട്ടുണ്ട്.