സ്വന്തംലേഖകന്‍
കോഴിക്കോട്: പ്രളയക്കെടുതിയില്‍ നാടുംനഗരവും മുങ്ങിതാഴ്ന്നപ്പോഴും അധികാരസ്വരം കടുപ്പിച്ച കമ്മീഷണറുടെ നടപടി വിവാദമാവുന്നു. ദുരിതാശ്വാസ കേന്ദ്രത്തിലേക്കുള്ള സഹായത്തിന്റെ പേരിലാണ് പോലീസ് അസോസിയേഷനുമായി സിറ്റി പോലീസ് കമ്മീഷണര്‍ കൊമ്പുകോര്‍ത്തത്.
ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള സഹായം അസോസിയേഷന് മാത്രം സ്വരൂപിക്കാതെ വകുപ്പ് വഴി സ്വരൂപിച്ചാല് മതിയെന്നും സ്വന്തം നിലയില്‍ വിതരണം ചെയ്യേണ്ടെന്നുമുള്ള കടുത്ത തീരുമാനമായിരുന്നു കമ്മീഷണര്‍ എസ്.കാളിരാജ് മഹേഷ്കുമാര്‍ സ്വീകരിച്ചത്. എന്നാല്‍ ഇതിനോട് അസോസിയേഷന് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ കമ്മീഷണര്‍ കീഴടങ്ങി.
പ്രളയത്തിനു തൊട്ടുമുമ്പ് ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്ന് വയനാടും തെക്കന്‍ ജില്ലകളിലും ദുരിതമനുഭവിക്കുന്നവര്‍ക്കായി കോഴിക്കോട് സിറ്റി പോലീസ് അസോസിയേഷന് ഓഗസ്റ്റ് 10ന് രംഗത്തെത്തിയിരുന്നു. ഇതാണ് ഇതര സംസ്ഥാനക്കാരനായ കമ്മീഷണറെ ചൊടിപ്പിച്ചത്.
മുല്ലപ്പെരിയാർ വിഷയത്തിലടക്കം കേരളത്തോട് എതിർപ്പു പ്രകടിപ്പിക്കുന്ന കമ്മീഷണർ കേരളത്തെ മുക്കിയ പ്രളയദുരന്തത്തിലും ഇതേ വികാരമാണ് പ്രകടിപ്പിക്കുന്നതെന്ന ആക്ഷേപവുമായി പോലീസുകാരും രംഗത്തെത്തി. തമിഴുനാട് തിരുനൽവേലി സ്വദേശിയാണ് കാളിരാജ് മഹേഷ്കുമാർ.
സംസ്ഥാനത്തു തന്നെ ആദ്യമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ ശേഖരിക്കുന്നതിന് തുടക്കമിട്ടത് കോഴിക്കോട് സിറ്റി പോലീസിൽ നിന്നായിരുന്നു.
13 ന് തന്നെ ആദ്യ ലോഡ് അയയ്ക്കാന്‍ കോഴിക്കോട്ടെ പോലീസിനായി. അതിനു ശേഷമാണ് മഹാപ്രളയമുണ്ടാവുന്നത്. തുടര്‍ന്ന് കോഴിക്കോട് സിറ്റി പോലീസ് അസോസിയേഷന് പിന്തുടര്‍ന്ന മാതൃകാപരമായ പ്രവര്‍ത്തനം ആഭ്യന്തരവകുപ്പ് തുടരാന്‍ തീരുമാനിച്ചു.
മറ്റു ജില്ലകളില്‍ അസോസിയേഷനും വകുപ്പും ഒരുമിച്ച് സഹായങ്ങള്‍ സ്വരൂപിക്കുന്നതില്‍ രംഗത്തെത്തിയെങ്കിലും കോഴിക്കോട് സിറ്റിയില്‍ ഏകോപനമുണ്ടായില്ല. ആദ്യ ദിവസങ്ങളില്‍ വകുപ്പ് പ്രത്യേകമായി തന്നെ സാധനങ്ങള്‍ സമാഹരിക്കാന്‍ രംഗത്തെത്തി. ദുരിതബാധിതര്‍ക്കുള്ള സഹായം തുടക്കം മുതല്‍ തന്നെ ശേഖരിച്ച അസോസിയേഷനെ ഒഴിവാക്കികൊണ്ടായിരുന്നു കമ്മീഷണറുടെ നിര്‍ദേശാനുസരണം സാധനങ്ങള്‍ സ്വരൂപിച്ചത്.
എന്നാല്‍ രണ്ടു ദിവസംകൊണ്ടു തന്നെ വകുപ്പിന് മാത്രമായി ദൗത്യം തുടരാന്‍ കഴിയില്ലെന്ന് കമ്മീഷണര്‍ മനസിലാക്കി. തുടര്‍ന്ന് അസോസിയേഷനോട് പ്രത്യേകമായി സാധനങ്ങള്‍ ശേഖരിക്കേണ്ടെന്നും വകുപ്പുമായി സഹകരിക്കണമെന്നും കമ്മീഷണര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇതിനു അസോസിയേഷന് തയാറായില്ല. സഹജീവികൾ പ്രളയത്തിൽ മുങ്ങിക്കിടന്ന് ദുരിതമനുഭവിക്കുന്പോൾ സഹായത്തിലും ചേരിതിരിവ് അനുവദിക്കാനാവില്ലെന്നായിരുന്നു പോലീസുകാരുടെ നിലപാട്. തുടര്‍ന്ന് കമ്മീഷണര്‍ അസോസിയേഷനുമായി സഹകരിച്ചു മുന്നോട്ടുപോവാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനു ശേഷമാണ് പോലീസ് ഡോര്‍മെറ്ററി ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കുള്ള സാധനങ്ങള്‍ ശേഖരിക്കാന്‍ വേണ്ടി കമ്മീഷണര്‍ അനുവദിച്ചത്.
അതേസമയം പ്രളയത്തില്‍ നാടും നഗരവും മുങ്ങുമ്പോഴും കമ്മീഷണറുടെ സുരക്ഷയ്ക്കായി വിന്യസിപ്പിച്ചിരുന്ന സ്ട്രൈക്കിംഗ് ഫോഴ്സിനെ പിന്‍വലിക്കാത്തതും സേനയ്ക്കുള്ളില്‍ ചര്‍ച്ചയായി. മഴക്കെടുതി മൂലമുള്ള രക്ഷാപ്രവര്‍ത്തനത്തിനായി പോലീസ് സദാജാഗരൂകരാവുമ്പോഴും സ്ട്രൈക്കിംഗ് ഫോഴ്സ് കമ്മീഷണറെ പിന്തുടരുക മാത്രമായിരുന്നു ചെയ്തത്.
അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന സ്വീകരിക്കുന്നിതിലും സിറ്റി പോലീസ് പരാജിതമാണ്. രണ്ടു ദിവസത്തെ വേതനം വേണമെന്ന് ഇതുവരേയും ആവശ്യപ്പെട്ടിട്ടില്ല. അതിനാല്‍ പലരും ഇത് നല്‍കിയിട്ടില്ല. മറ്റു ജില്ലകളില്‍ നിന്നും ശേഖരിച്ചതിന്റെ പകുതിപോലും കോഴിക്കോട് സിറ്റിയില്‍ നിന്ന് പിരിയ്ക്കാന്‍ കമ്മീഷണര്ക്കായിട്ടില്ലെന്നും ഇത് സിറ്റി പോലീസിനു തന്നെ നാണക്കേടാണെന്നുമാണ് സേനയില്‍ നിന്നുയരുന്ന ആരോപണം.
കാമറയുമായി മാത്രം അടുപ്പമുള്ള കമ്മീഷണര്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ ഇനിയെങ്കിലും കണ്ടു മനസിലാക്കണമെന്നാണ് പോലീസില്‍ നിന്നുയരുന്ന അഭിപ്രായം. പോലീസ് അസോസിയേഷൻ സിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മുഴുവൻപേരും ഒരുമാസത്തെ ശന്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ സന്നദ്ധമായിട്ടും കമ്മീഷണറുടെ ഭാഗത്ത്നിന്ന് അത്തരമൊരു നീക്കവും ഉണ്ടായില്ല.
ജീവിതം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന പോലീസുകാർ രണ്ടുദിവസത്തെ ശന്പളം നൽകിയാൽ എങ്ങനെ ജീവിക്കുമെന്ന് കമ്മീഷണർ പരസ്യമായി പറഞ്ഞതോടെ ദുരിതാശ്വാസനിധിയിലേക്ക് വരവ് കുറഞ്ഞതായി പോലീസുകാർ പറയുന്നു. ദുരന്തമേഖലയിൽപോലും കാമറയുമായി നടക്കുന്ന ഇദ്ദേഹത്തിന്റെ നടപടിയിൽ സേനയ്ക്കുള്ളിൽ അമർഷം പുകയുകയാണ്.ഇക്കാര്യങ്ങൾ അസോസിയേഷൻ നേതൃത്വം മുഖ്യമന്ത്രിയെയടക്കം അറിയിച്ചിട്ടുണ്ട്.