പത്തനാപുരം:നാശത്തിന്റെ വക്കിലെത്തിയ വഴിയോര വിശ്രമ കേന്ദ്രമായ കളത്തട്ടിന് യുവാക്കളുടെ കൂട്ടായ്മയില്‍ പുനര്‍ജനി.തലവൂര്‍ കുരായിലെ കളത്തട്ടാണ് പ്രദേശവാസികളായ യുവാക്കളുടെ ശ്രമദാനത്താല്‍ പുനരുദ്ധീകരിക്കുന്നത് .
നൂറ്റാണ്ടുകള്‍ പഴക്കമുള്ള കളത്തട്ടിന് യഥാസമയം അറ്റകുറ്റ പണികള്‍ നടത്താത്തത് മൂലം തകര്‍ച്ചയുടെ വക്കിലായിരുന്നു.മേല്‍ക്കൂരയും ഓടുകള്‍ക്കും പൂര്‍ണ്ണമായും കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഗതാഗത സൗകര്യങ്ങള്‍ പരിമിതമായ കാലത്ത് കാല് നടയായി വരുന്നവര്‍ക്ക് അഭയവും വിശ്രമകേന്ദ്രങ്ങളുമായിരുന്നു ഇവ.പൂര്‍ണമായും തടിയില്‍ നിര്‍മിച്ച് ഓട് പാകിയിട്ടുള്ള കളത്തട്ടുകള്‍ മണ്മറഞ്ഞുപോയ സംസ്കാരത്തിന്റെ തിരുശേഷിപ്പുകളായിരുന്നു.
ചരിത്രസ്മാരകം കൂടിയായ കളത്തട്ട് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പുരാവസ്തു വകുപ്പിനും , ത്രിതല പഞ്ചായത്തുകള്‍ക്കും നാട്ടുകാര്‍ നിവേദനവും നല്‍കിയിരുന്നു.അധികൃതര്‍ കയ്യൊഴിഞ്ഞ സാഹചര്യത്തിലാണ് പുനരുദ്ധാരണവുമായി യുവാക്കള്‍ രംഗത്തെത്തിയത്.
പുതിയ ഓട് പാകി മേല്‍ക്കൂര ബലപ്പെടുത്തി തൂണുകള്‍ക്ക് നിറം നല്‍കാനാണ് തീരുമാനം.കൂടാതെ അടിത്തറ ബലപ്പെടുത്തുകയും ചെയ്യുമെന്ന് കളത്തട്ട് സംരക്ഷണ സമിതി കണ്‍വീനര്‍ ദില്‍ജു.പി.മോഹന്‍ പറഞ്ഞു. അജികുമാര്‍ , ദീപു,ബിനോയ് .പി. മോഹന്‍, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറ്റകുറ്റപണികള്‍ നടക്കുന്നത് .