മൂവാറ്റുപുഴ: മിൽമ കാലിത്തീറ്റ വില വർധിപ്പിച്ചതു ക്ഷീരകർഷകർക്ക് ഇരുട്ടടിയായി. മിൽമയുടെ 50 കിലോയുള്ള വിവിധ തരം കാലിത്തീറ്റകളുടെ വിലയിൽ 15 രൂപയുടെ വർധനയാണുണ്ടായിരിക്കുന്നത്. ഉത്പാദനച്ചെലവിന് അനുസരിച്ച് പാൽ വില വർധിപ്പിക്കാത്തതിനാൽ കാലിത്തീറ്റ വിലയിൽ വരുത്തിയ വർധന കർഷകർക്ക് കനത്ത നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്.
വേനൽക്കാലത്ത് കർഷകർക്ക് നൽകിവന്നിരുന്ന ഇൻസെന്റീവ് ഇത്തവണ ഒരു മാസം മുന്പേ നിർത്തലാക്കിയിരുന്നു. പാൽ ഉത്പാദനത്തിലുണ്ടായ വർധന ചൂണ്ടിക്കാട്ടിയാണ് ഇൻസെന്റീവ് നൽകുന്നതു നിർത്തലാക്കിയതെന്നായിരുന്നു മിൽമയുടെ വിശദീകരണം. ക്ഷീരസംഘത്തിൽ അളക്കുന്ന ഓരോ ലിറ്റർ പാലിനും രണ്ടു രൂപ വീതമായിരുന്നു ഇൻസെന്റീവ് നൽകിയിരുന്നത്. വേനൽക്കാലം ആരംഭിക്കുന്ന നവംബർ മുതൽ മേയ് വരെയായിരുന്നു കർഷകർക്ക് മിൽമ ഇൻസന്റീവ് നൽകിയിരുന്നത്.
പാലിന്റെ വിലയിൽ മുന്പ് വർധന വരുത്തിയിരുന്നെങ്കിലും അതിന്റെ യഥാർഥ ഗുണഫലങ്ങൾ കർഷകർക്ക് ലഭിക്കുന്നില്ലെന്നും കർഷകർ പറഞ്ഞു. പ്രാഥമിക ക്ഷീരസംഘങ്ങളിൽ അളക്കുന്ന ഒരു ലിറ്റർ പാലിന് ശരാശരി 30 മുതൽ 32 രൂപ വരെ മാത്രമാണ് ഓരോ കർഷകനും ലഭിക്കുന്നത്. എന്നാൽ മിൽമയുടെ പായ്ക്കറ്റ് പാലിന് 42 മുതൽ മുകളിലേക്കാണ് വിലയെന്നതും ഇവർ ചൂണ്ടിക്കാട്ടി. കാലിത്തീറ്റയുടെ വില വർധിപ്പിച്ചത് ക്ഷീരമേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് കർഷകർ പറയുന്നു.
പുതുക്കിയ വില അനുസരിച്ച് മിൽമയുടെ ഗോമതി റിച്ച് കാലിത്തീറ്റ 50 കിലോയ്ക്ക് 1,025 രൂപയും ഗോമതി ഗോൾഡിന് 1,115 രൂപയുമാണ് വില. പ്രധാന കാർഷികോത്പന്നങ്ങളുടെ വിലയിടിവിനെത്തുടർന്ന് നട്ടം തിരിയുന്ന ഭൂരിഭാഗം കർഷകരും നിത്യച്ചെലവിനുള്ള തുക കണ്ടെത്തിയിരുന്നതു ക്ഷീരമേഖലയിൽ നിന്നായിരുന്നു. ഉത്പാദനച്ചെലവിന് അനുസരിച്ച് വില ലഭിക്കാതെ വരുന്നത് ക്ഷീരമേഖലയിൽ നിന്നു പിന്മാറാൻ കർഷകരെ നിർബന്ധിതരാക്കും.