കൊച്ചി: കാലിത്തീറ്റ വിലവർധനയെത്തുടർന്ന് കടുത്ത പ്രതിസന്ധി നേരിടുകയാണ് ക്ഷീരകർഷകർ. ഉത്പാദനച്ചെലവും വരുമാനവും തമ്മിൽ കൂട്ടിമുട്ടിക്കാൻ കർഷകർ പാടുപെടുന്പോഴാണ് ഇരുട്ടടിയായി കാലിത്തീറ്റയുടെ വില വർധിച്ചത്. നാലു മാസത്തിനിടെ 50 കിലോയുടെ ചാക്കിന് 250 രൂപയിലധികം വില വർധനയാണ് ഉണ്ടായതെന്ന് കർഷകർ പറഞ്ഞു. നിലവിൽ 1,363 രൂപയാണ് കാലിത്തീറ്റയുടെ വില.
ഇതോടെ പല ചെറുകിട ക്ഷീരകർഷകരുടെയും ഉപജീവനമാർഗം വഴിമുട്ടിയ നിലയിലാണ്. കഴിഞ്ഞ കാലവർഷക്കെടുതിയും തുടർന്നുണ്ടായ വരൾച്ചയും മൂലം പാലുത്പാദനത്തിൽ ഗണ്യമായ കുറവ് വന്നിരുന്നു. ബാങ്കുകളിൽനിന്ന് എടുത്ത വായ്പാ തുക തിരിച്ചടയ്ക്കാൻ കഴിയാതെ പല കർഷകരും ബുദ്ധിമുട്ടുന്നതിനിടെയാണ് ഈ വർഷവും മഴക്കെടുതി മേഖലയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്.
കാലിത്തീറ്റ ഉത്പാദിപ്പിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നാണ് എത്തുന്നത്. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ഗോകുൽ മിഷനിലൂടെ കന്നുകാലി വളർത്തൽ, സൗജന്യ കാലിത്തീറ്റ പദ്ധതി എന്നിവ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടപ്പാക്കിയിരുന്നു. ഇതോടെ ക്ഷീരമേഖലയിലേക്ക് കൂടുതൽ കർഷകർ എത്തിയതോടെ കാലിത്തീറ്റയ്ക്ക് ആവശ്യക്കാരേറി. ഇതാണ് തീറ്റയ്ക്കുള്ള അസംസ്കൃത വസ്തുക്കളുടെ വില വർധനയ്ക്ക് കാരണമായതെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ മേഖലയിലെ പ്രതിസന്ധി മറികടക്കാൻ കേരള ഡയറി അസോസിയേഷന്റെ കീഴിലുള്ള അന്പതിലേറെ സ്വകാര്യ ഡയറി ഉടമകൾ പാൽവില കൂട്ടിയിരുന്നു. കഴിഞ്ഞ 27 മുതലാണ് പുതുക്കിയ വില നിലവിൽ വന്നത്. അര ലിറ്ററിന്റെ ഒരു പായ്ക്കറ്റ് പാലിന് 25 രൂപയായി ഉയർത്തി. നേരത്തെ, ഇത് 22 രൂപയായിരുന്നു. തൈരിന് ഒരു പായ്ക്കറ്റിന് 30 രൂപയുമായി.
രാജ്യാന്തര നിലവാരത്തിലുള്ള പാൽ സംസ്കരണ ശാലകൾ പ്രവർത്തിക്കാൻ വൻ തുകയാണ് മുതൽ മുടക്കിയിട്ടുള്ളതെന്ന് ഡയറി ഫാം അസോസിയേഷൻ പറയുന്നു. അതുകൊണ്ടു തന്നെ പാൽ വിലയിലും ഗണ്യമായ വർധന ഉണ്ടാകേണ്ടതുണ്ട്. അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കർണാടകയിലും പാൽ വില വർധിച്ചു. കേരളത്തിലെ ക്ഷീരകർഷകരുടെ പാലുത്പാദന ചെലവ് ലിറ്ററിന് 41 രൂപയായി ഉയർന്നിട്ടുണ്ട്.
പാൽ സംസ്കരിച്ച് പായ്ക്കറ്റുകളിലാക്കി ജനങ്ങളിലേക്ക് എത്തിക്കാൻ ഒൻപതു രൂപ കൂടി ചെലവ് വരും. ഇങ്ങനെ, അധിക ചെലവുമായി ഡയറി ഫാമുകൾക്ക് മുന്നോട്ടു പോകാൻ കഴിയാത്തതു കൊണ്ടാണ് പാൽ വിലർധിപ്പിക്കാൻ കേരള ഡയറി ഫാം അസോസിയേഷൻ നിർബന്ധിതരായതെന്നും ഭാരവാഹികൾ പറയുന്നു. മിൽമ ഒഴികെയുള്ള മറ്റു ബ്രാൻഡുകളാണ് ഡയറി ഫാം അസോസിയേഷനു കീഴിലുള്ളത്.