ശ്രീമൂലനഗരം: കന്നുകുട്ടി പരിപാലന പദ്ധതി പ്രകാരം നൽകി വരുന്ന കാലിത്തീറ്റ വിതരണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു മന്ത്രി കെ. രാജുവിന് പുതിയേടം, കാഞ്ഞൂർ ക്ഷീരോത്പാദക സംരക്ഷണസംഘം പ്രസിഡന്റുമാരായ കെ.സി. മാർട്ടിനും ജോർജ് കൂട്ടുങ്ങലും ചേർന്ന് നിവേദനം നൽകി.
മൂന്നു മാസം മുതൽ ആറു മാസം വരെ പ്രായമായ കന്നുകുട്ടികൾക്ക് പഞ്ചായത്തും സർക്കാരും 25 ശതമാനം വീതവും ഗുണഭോക്താ വിഹിതം 50 ശതമാനം ചേർത്ത് 25000 രൂപയുടെ കാലിത്തീറ്റയാണ് നൽകിവരുന്നത്. പഞ്ചായത്തിന്റെ പദ്ധതി വിഹിത പ്രകാരം 25 ശതമാനം തുക നീക്കിവച്ചിട്ടുണ്ടെങ്കിലും സംസ്ഥാന സർക്കാരിന്റെ 25 ശതമാനം തുക നൽകാത്തതു മൂലം കന്നുകുട്ടി തീറ്റ വിതരണം തടസപ്പെട്ടിരിക്കുകയാണ്.
ഇതുമൂലം പഞ്ചായത്ത് പദ്ധതിക്കായി നീക്കിവച്ച തുകയും ക്ഷീരകർഷകർക്ക് ലഭിക്കുന്നില്ല.പാൽ വില കുറവായതുമൂലം ക്ഷീരകർഷകർ ബുദ്ധിമുട്ടിലായ സന്ദർഭത്തിൽ, എല്ലാ മാസവും സബ്സിഡി നിരകക്കിൽ തീറ്റ ലഭിക്കുന്നത് കർഷകർക്കു ആശ്വാസമായിരുന്നു. എത്രയും വേഗം തീറ്റയുടെ സബ്സിഡി കുടിശിക സർക്കാർ നൽകി പദ്ധതി പുനരാരംഭിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.