മൂവാറ്റുപുഴ: കേരളത്തിലെ പഴയകാല മൃഗസംരക്ഷണ പാരന്പര്യം നിലനിർത്തുവാൻ മൃഗസംരക്ഷണ വകുപ്പ് നൂതന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിത്തുടങ്ങിയതായി മന്ത്രി കെ.രാജു പറഞ്ഞു. പേഴയ്ക്കാപ്പിള്ളിയിൽ ഗോവർധിനി സംഗമത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കാലിവളർത്തൽ കേരളത്തിലെ കുടുംബങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്നു. ഇതു തിരിച്ചുകൊണ്ടുവരുവാനാണ് സർക്കാർ പദ്ധതികൾ നടപ്പാക്കുന്നത്.
നാം കൂടുതൽ ഉപയോഗിച്ചിരുന്ന മുട്ട, പാൽ, ഇറച്ചി ഇവയുടെ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ കേരളത്തിനായിട്ടില്ല. ഇതു സാധ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി മൃഗസംരക്ഷണവകുപ്പും ക്ഷീര വികസന വകുപ്പും സംയോജിച്ചുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്.
സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പാൽ പരിശോധനയ്ക്കുള്ള അഞ്ചുചെക്ക് പോസ്റ്റുകളിൽ ഒരെണ്ണം പ്രവർത്തനം തുടങ്ങി. മറ്റുള്ളവ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ എൽദോ ഏബ്രഹാം എംഎൽഎ അധ്യക്ഷതവഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. യു.എസ്. രാമചന്ദ്രൻ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ, ജില്ലാ പഞ്ചായത്തംഗം എൻ. അരുണ്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ബേബി, വൈസ് പ്രസിഡന്റ് പായിപ്ര കൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ.ഏലിയാസ്, വൈസ് പ്രസിഡന്റ് എം.പി.ഇബ്രാഹിം, വാർഡംഗം വി.എച്ച്. ഷഫീഖ്, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജയചന്ദ്ര കമ്മത്ത്, പ്രോജക്ട് ഓഫീസർ ഡോ. ലൈബി പോളിൻ എന്നിവർ പ്രസംഗിച്ചു.