ആ യാത്രയിലും അയാൾ അതീവ ശ്രദ്ധയോടെയാണ് മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നത്. തനിക്കെതിരേയുള്ള ആക്രമണം അയാൾ ഏതു നിമിഷവും പ്രതീക്ഷിച്ചിരുന്നു.
അതുകൊണ്ടു തന്നെ അതീവരഹസ്യമായിട്ടായിരുന്നു യാത്രാ പരിപാടി. എന്നാൽ, എങ്ങനെയോ വിവരം ചോർന്നു. അതോടെ എതിരാളികൾ അയാൾക്കായി വല വിരിച്ചു.
യാത്ര ആരംഭിച്ച ശേഷം ആരോ തന്നെ പിന്തുടരുന്നു എന്ന സംശയം അയാളിൽ ബലപ്പെട്ടിരുന്നു. ഇതോടെ സഞ്ചരിക്കുന്ന വാഹനം ഇയാൾ ഇടയ്ക്കു മാറി.
എന്നാൽ, അതും കാത്തിരുന്ന കൊലക്കത്തികളിൽനിന്ന് ഈ അധോലോക നായകനെ രക്ഷിച്ചില്ല. മംഗളൂരു ബിസി റോഡിൽ ടിപ്പർ ലോറിയിലെത്തിയ ഗുണ്ടാസംഘം റഫീഖിനെ കൊന്നു തള്ളി.
നടുറോഡിൽ
ബി.സി റോഡിലെ ഒരു പെട്രോൾ പമ്പിനു സമീപം വച്ചാണ് ടിപ്പർ ലോറിയിൽ എത്തിയ കൊലപാതകികൾ ലോറി റഫീഖ് സഞ്ചരിച്ചിരുന്ന കാറിൽ കൊണ്ടിടിച്ചു കയറ്റിയത്.
ഇടിയുടെ ആഘാതം മാറും മുൻപേ തന്നെ അപകടം തിരിച്ചറിഞ്ഞ കാലിയ റഫീഖ് കാറിൽ നിന്നിറങ്ങിയോടി. എന്നാൽ, ഈ സമയം ലോറിയിൽനിന്നു ചാടിയിറങ്ങിയ ഗുണ്ടാസംഘം ഓടുന്ന റഫീഖിനെ വെടിവച്ചു വീഴ്ത്തി.
തുടർന്നു വടിവാളുപയോഗിച്ചു തുരുതുരാ വെട്ടി. റഫീഖിന്റെ മരണം ഉറപ്പാക്കിയ ശേഷം അവർ സ്ഥലം വിട്ടു. റഫീഖിനൊപ്പം കാറിലുണ്ടായിരുന്ന അയാളുടെ സംഘാംഗങ്ങളെല്ലാം ഇതിനുള്ളിൽ ഓടി രക്ഷപ്പെട്ടിരുന്നു.
കാപ്പ നിയമപ്രകാരം ജയിലിൽ അടയ്ക്കപ്പെട്ട കാലിയ 2016 സെപ്റ്റംബറിൽ പുറത്തിറങ്ങിയപ്പോഴായിരുന്നു കൊല്ലപ്പെട്ടത്.
ഉപ്പള മണിമുണ്ട സ്വദേശിയായ കാലിയ റഫീഖിന്റെ ജീവിതം ഒരു ക്രൈം ത്രില്ലർ സിനിമയ്ക്കു തുല്യമാണ്.
കൂട്ടുകാരിട്ട പേര്
കറുത്ത നിറമുള്ള റഫീഖിനെ കളിയാക്കി വിളിക്കാൻ കൂട്ടുകാരിട്ട പേരാണ് കാലിയ റഫീഖ് എന്നത്. കാലം ചെന്നപ്പോൾ ആ പേര് കാസർഗോഡിനെ വിറപ്പിക്കുന്നതായി മാറി.
മംഗളൂരു ഹൈവേയിലൂടെ ഓടുന്ന ലോറികളിലെ ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു കൊണ്ടാണ് കാലിയ റഫീഖ് എന്ന ക്രിമിനലിന്റെ ജീവിതം ആരംഭിക്കുന്നത്.
പിന്നീട് അതു ചാരായക്കടത്തിലേക്കും കവർച്ചയിലേക്കും പിടിച്ചു പറിയിലേക്കും കൊലപാതകങ്ങളിലേക്കും വഴിമാറി. ഒരു ലോക്കൽ ഗുണ്ടയിൽനിന്ന് അധോലോക ഗുണ്ടയായി ഇയാൾ വളർന്നു.
ഒരു വർഗീയ കലാപത്തിന്റെ ഭാഗമായി വീടുകൾക്കു തീവച്ച കേസിലൂടെയാണ് കാലിയ റഫീഖ് ആദ്യം പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്.
കേട്ടാൽ ഞെട്ടുന്ന കവർച്ചകളും കൊലകളും പിടിച്ചുപറികളും റഫീഖ് കുറേ നടത്തിയെങ്കിലും പലതിലും പരാതിയുമായി ആരും മുന്നോട്ടു വന്നില്ല. അത്ര ഭീകരമായിരുന്നു ആളുകളിൽ കാലിയ റഫീഖ് സൃഷ്ടിച്ച ഭീതി.
ഉപ്പള സ്വദേശി മുത്തലിബിനെ വധിക്കുന്നതോടെയാണ് കാലിയ റഫീഖിന്റെ ക്രിമിനൽ ജീവിതം പുതിയൊരു ഘട്ടത്തിലേക്കു കടക്കുന്നത്.
മുത്തലിബിന്റെ മരണത്തിനു പ്രതികാരം ചെയ്യാനായി കസായി അലിയുടെ നേതൃത്വത്തിൽ ഒരു സംഘം രംഗത്തിറങ്ങിയതോടെ കൊല്ലുക അല്ലെങ്കിൽ ചാവുക എന്നതു മാത്രമായിരുന്നു കാലിയയ്ക്കു മുന്നിലെ വഴി.
(തുടരും).