കളിയിക്കാവിളയില്‍ ചെക്‌പോസ്റ്റില്‍ തമിഴ്‌നാട് പൊലീസ് സ്‌പെഷല്‍ സബ് ഇന്‍സ്‌പെക്ടര്‍ വൈ.വില്‍സനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികള്‍ക്ക് സഹായം നല്‍കിയതായി സംശയിക്കുന്ന വിതുര നിവാസിയുടെ ജീവിതം അടിമുടി ദുരൂഹതകള്‍ നിറഞ്ഞത്. പുറത്തു പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ വീട്ടില്‍ സൂക്ഷിക്കുന്ന ഇയാള്‍ രാത്രികാലങ്ങളില്‍ ഫോണ്‍ പതിവായി ഉപയോഗിച്ചിരുന്നതായി വീട്ടുകാര്‍ പോലീസിനോടു പറഞ്ഞു.
ഇയാള്‍ തന്റെ യാത്രകളെക്കുറിച്ച് ഭാര്യയോടു പോലും പറയാറില്ലായിരുന്നു. ഇടയ്ക്കിടെ കളിയിക്കാവിളയിലേക്ക് പോയിരുന്നു. വിതുരയില്‍ കംപ്യൂട്ടര്‍ സ്ഥാപനം നടത്താനായി മുറി എടുത്തെങ്കിലും കാര്യമായ പ്രവര്‍ത്തനം നടന്നിരുന്നില്ല. കൊല നടന്നതിന്റെ പിറ്റേദിവസം ഇയാള്‍ ഒളിവില്‍പോയി. കൊലക്കേസിലെ പ്രതിയായ തൗഫീക്കിന്റെ സുഹൃത്തായ ഇയാള്‍ കന്യാകുമാരി സ്വദേശിയാണ്. വിതുരയില്‍ വാടക വീടെടുത്ത് താമസമാരംഭിച്ചിട്ട് രണ്ടു മാസമായി.
തൊളിക്കോടാണ് ഭാര്യയുടെ വീട്. കംപ്യൂട്ടര്‍ സെന്റര്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തിലെ മറ്റൊരു വ്യാപാരിയാണ് വാടക വീട് എടുക്കാന്‍ സഹായിച്ചത്. നാട്ടുകാരുമായും അയല്‍വാസികളുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നില്ല. വാടക വീട്ടിലെ ഒരു മുറിയില്‍ വീട്ടുടമസ്ഥന്റെ റബ്ബര്‍ഷീറ്റുകള്‍ സൂക്ഷിച്ചിരുന്നു. ഷീറ്റ് എടുക്കാന്‍ വരുമ്പോള്‍ പോലും ഇയാള്‍ വീട്ടുടമസ്ഥനുമായി സംസാരിച്ചിരുന്നില്ല.
മാത്രമല്ല കൊല നടക്കുന്ന ദിവസം ഇയാള്‍ പുലര്‍ച്ചെ രണ്ടുമണി വരെ ലാപ്‌ടോപ് ഉപയോഗിച്ചിരുന്നതായും വീട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ലാപ്‌ടോപ് ക്യു ബ്രാഞ്ച് പരിശോധനയ്ക്കായി കൊണ്ടുപോയി. സംഭവം ആസൂത്രണം ചെയ്തത് ഇയാളാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അബ്ദുല്‍ ഷെമിമും തൗഫീക്കും എസ്എസ്‌ഐയുടെ കൊലപാതകം നടക്കുന്നതിന് മുന്‍പ് 7, 8 തീയതികളില്‍ നെയ്യാറ്റിന്‍കരയിലെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു.
വിതുര നിവാസിയായ ഇയാള്‍ ഏര്‍പ്പാടാക്കിയ വീട്ടിലായിരിക്കാം പ്രതികള്‍ താമസിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. കൊലപാതകം നടന്ന ദിവസം രാത്രി 8.30ന് അബ്ദുല്‍ ഷെമിമും തൗഫീക്കും നെയ്യാറ്റിന്‍കര ജംക്ഷനിലൂടെ നടക്കുന്ന ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍നിന്ന് ഓട്ടോയിലാണ് കളിയിക്കാവിളയിലെത്തിയത്. കൊലപാതകം നടക്കുന്നതിനു മുന്‍പ് തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ തങ്ങിയതിനാല്‍ ആസൂത്രണം നടന്നത് ഇവിടെയാകാമെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്.
ഇതുകൂടാതെ തീവ്രവാദ സ്വഭാവമുള്ള സംഘടനകളില്‍ മുമ്പു പ്രവര്‍ത്തിച്ചിരുന്നവരെയൊന്നാകെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയാണ്. പൂന്തുറയില്‍നിന്ന് തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്ത റാഫിയെന്നയാള്‍ 2015ല്‍ മോഷണക്കേസില്‍ പ്രതിയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 2013ല്‍ തിരുനെല്‍വേലി സ്‌ഫോടനക്കേസില്‍ ഇയാള്‍ ഉള്‍പ്പെട്ടിരുന്നു. എസ്എസ്‌ഐയെ കൊലപ്പെടുത്തിയ ആളുകളെ സഹായിച്ച വിതുര നിവാസിയ്ക്കും തീവ്രവാദ ബന്ധമുണ്ടെന്ന നിലപാടിലാണ് പോലീസ് മുന്നോട്ടു നീങ്ങുന്നത്.