മൂവാറ്റുപുഴ: കാളിയാർ-മൂവാറ്റുപുഴ റൂട്ടിൽ കെഎസ്ആർടിസി സർവീസ് മുടക്കുന്നതായി പരാതി. യാത്രക്കാർ ഏറെയുള്ള റൂട്ടിൽ സർവീസ് മുടക്കുന്നത് മൂലം നൂറുകണക്കിനാളുകളാണ് നട്ടം തിരിയുന്നത്. ഓഫീസിലും മറ്റും എത്തേണ്ടവർക്കാണ് ഏറെ ബുദ്ധിമുട്ട്. മൂവാറ്റുപുഴയിൽനിന്നു കാക്കനാട്ടേക്കു ചെയിൻ സർവീസ് നടത്തുന്ന ബസുകൾ പോലും സർവീസ് വെട്ടിച്ചുരുക്കുന്നതായി ആക്ഷേപമുണ്ട്.
മേഖലയിലെ സ്വകാര്യ ബസുകളെ സഹായിക്കുന്നതിനാണ് കെഎസ്ആർടിസി സർവീസ് നിരന്തരം മുടക്കുന്നതെന്ന ആരോപണവും ശക്തമാണ്. രാവിലെ 8.10നു പൈങ്ങോട്ടൂരിൽനിന്നു കലൂരിലേക്ക് സർവീസ് നടത്തുന്ന ബസ് പല ദിവസങ്ങളിലും മുടങ്ങുന്നതായി യാത്രക്കാർ പറയുന്നു. യാത്രക്കാർ ഡിപ്പോയിൽ പരാതി അറിയിച്ചപ്പോൾ ആവശ്യത്തിനു ജീവനക്കാരിലെന്നായിരുന്നു മറുപടി. ഇതു മൂലം 8.20നു പോത്താനിക്കാട് എത്തുന്ന കാളിയാർ-മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
സ്കൂൾ വിദ്യാർഥികളടക്കം കയറുന്നതോടെ യാത്രക്കാരിൽ ചിലർ ചവിട്ടുപടിയിലും മറ്റും സാഹസിക യാത്ര നടത്തുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്കൂൾ, ഓഫീസ് സമയമായതിനാൽ വിദ്യാർഥികളും സ്ത്രീകളും ഉൾപ്പെടെ നിരവധിപേർ കെഎസ്ആർസി ബസ് കാത്ത് നിൽക്കാറുണ്ടെങ്കിലും നിരാശ മാത്രമാണ് ഫലം. അതേ സമയം, സ്വകാര്യ ബസുകൾ ചില സ്റ്റോപ്പുകളിൽനിന്നു വിദ്യാർഥികളെ കയറ്റുന്നില്ലെന്നും പരാതിയുണ്ട്. കൂടാതെ, വിദ്യാർഥികൾക്കു നേരേ അസഭ്യ വർഷവും പതിവായിക്കുകയാണ്.
പോത്താനിക്കാടുനിന്നു 8.45നു മൂവാറ്റുപുഴയിലേക്കുള്ള കെഎസ്ആർടിസി സർവീസ് വൈകിപ്പിക്കുന്നതായും ആക്ഷേപമുണ്ട്. കെഎസ്ആർടിസിക്കു ശേഷം റൂട്ടിലോടുന്ന സ്വകാര്യ ബസ് പോത്താനിക്കാട് പൈങ്ങോട്ടൂരിൽനിന്ന് അഞ്ച് മിനിറ്റു മുന്പ് സർവീസ് നടത്തുകയാണ് പതിവ്. എന്നാൽ, മൂവാറ്റുപുഴയിൽ സ്വകാര്യ ബസ് എത്തുന്നതിനു മുന്പ് കെഎസ്ആർടിസി ബസ് എത്തുന്നതായും യാത്രക്കാർ പറയുന്നു. പ്രശ്നത്തിൽ ശാശ്വത പരിഹാരമുണ്ടായില്ലെങ്കിൽ പ്രതിഷേധ സമരത്തിനൊരുങ്ങുകയാണ് യാത്രക്കാർ.