മലയാള സിനിമയിലെ എക്കാലത്തെയും ആക്ഷൻ ഹീറോ ആണ് നടന് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ ഏറെ വ്യത്യസ്തമായ കഥാപാത്രമാണ് കളിയാട്ടത്തിലെ പെരുമലയൻ. സുരേഷ് ഗോപി- മഞ്ജുവാര്യര്‍ കോന്പോയില് പിറന്ന കളിയാട്ടം സുരേഷ് ഗോപിയുടെ കരിയര്‍ ബെസ്റ്റ് ചിത്രമെന്ന് നിരൂപകര്‍ പോലും വിലയിരുത്തുന്നു.
അദ്ദേഹത്തിന്റെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. ലോക പ്രശസ്തമായ കൃതി ഒഥല്ലോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ജയരാജ് കളിയാട്ടം സംവിധാനം ചെയ്തത്.
വടക്കന്‍ മലബാറും തെയ്യവും തീച്ചാമുണ്ഡിയും അവിടത്തെ സംഗീതവും എല്ലാ സമന്വയിപ്പിച്ച ചിത്രം എക്കാലത്തെയും ക്ലാസിക് സിനിമകളില്‍ ഒന്നുതന്നെയാണ്.
പെരുമലയന് ആകാന്‍ വേണ്ടി സുരേഷ് ഗോപി നടത്തിയ തയാറെടുപ്പുകളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍. അഭിമുഖത്തിലാണ് അദ്ദേഹം കളിയാട്ടം സിനിമയെ കുറിച്ചും സുരേഷ് ഗോപി ചിത്രത്തിന് വേണ്ടി നടത്തിയ തയാറെടുപ്പുകളെ ക്കുറിച്ചും വിവരിക്കുന്നത്.
കളിയാട്ടം സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോള്‍ മുതല്‍ ഷൂട്ടിംഗ് അവസാനിക്കുന്നത് വരെ സുരേഷ് ഗോപി വ്രതം നോറ്റിരുന്നുവെന്നാണ് ബല്‍റാം മട്ടന്നൂര്‍ പറയുന്നത്. ആദ്യം പയ്യന്നൂരില്‍ കളിയാട്ടം ചിത്രീകരിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ പിന്നീട് ചിത്രീകരണം പാലക്കാട്ടേക്കു മാറ്റുകയായിരുന്നുവെന്നും ബല്‍റാം മട്ടന്നൂര്‍ പറയുന്നു.
മഞ്ജു വാര്യര്‍ക്ക് ചിക്കന്‍പോക്സ് പിടിപെട്ടിരുന്നതിനാലാണ് പാലക്കാടേക്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് മാറ്റിവെച്ചത്.ചിത്രീകരണം തുടങ്ങി തീരുന്നതുവരെ സുരേഷ്ഗോപി വ്രതമെടുത്തിരുന്നുവെന്നും തെയ്യം കലാകാരന്മാരെ കൊണ്ടുവന്ന് അവരുടെ രീതിയൊക്കെ താരത്തെ അഭ്യസിപ്പിച്ചിരുന്നുവെന്നും ബല്‍റാം മട്ടന്നൂര്‍ പറഞ്ഞു.
തിരക്കഥ വായിക്കുന്ന സമയത്ത് സംവിധായകന് സുരേഷ് കൃഷ്ണ ദേശീയ അവാര്‍ഡ് ഉറപ്പാണെന്ന് സുരേഷ് ഗോപിയോട് പറഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു.
ലാല്‍ ചെയ്ത പനിയന്റെ വേഷത്തിലേക്ക് ആദ്യം കണ്ടിരുന്നത് മുരളിയെയായിരുന്നുവെന്നും എന്നാല്‍ ഇതേപോലെയുള്ള വേഷം അദ്ദേഹം മുന്‍പും ചെയ്തിരുന്നതിനാല്‍ വേറെയാളെക്കൊണ്ട് ചെയ്യിക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ബല്‍റാം പറയുന്നു.
-പിജി