അഗളി: അഗളി പഞ്ചായത്ത് വിഭജിച്ച് കൽക്കണ്ടി കേന്ദ്രമാക്കി പുതിയ പഞ്ചായത്ത് അനുവദിക്കണമെന്ന് സീനിയർ സിറ്റിസണ്‍ ഫോറം ആവശ്യപ്പെട്ടു. അഗളി-പുതൂർ പഞ്ചായത്തുകളിൽ ഉൾപ്പെടെ നിരവധി ആദിവാസി ഉൗരുനിവാസികൾക്ക് പഞ്ചായത്ത് വിഭജനം ഗുണം ചെയ്യുമെന്നും ഫോറം ചൂണ്ടിക്കാട്ടി.
പുതൂർ പഞ്ചായത്തിലെ ഗലസി, തുടുക്കി, കിണറ്റുകര, മുരുഗള ഉൗരുകളിലെ ഗോത്രവിഭാഗക്കാർക്കും അഗളി പഞ്ചായത്തിലെ ആനമാറി, ചിണ്ടാക്കി, കരിവാറ, മുക്കാലി, മേലേ അബ്ബന്നൂർ, താഴെ അബ്ബന്നൂർ, വീട്ടിയൂർ, ആനക്കല്ല് എന്നീ ഉൗരുനിവാസികൾക്ക് പഞ്ചായത്ത് വിഭജനം ഏറെ ഗുണകരമാകും.
വിദൂര ഉൗരുകളിലെ ആദിവാസികൾക്ക് നാല്പതുകിലോമീറ്ററോളം യാത്ര ചെയ്തുവേണം നിലവിൽ പഞ്ചായത്ത് ഓഫീസുകളിലെത്താൻ. കൽക്കണ്ടി കേന്ദ്രീകരിച്ച് പഞ്ചായത്ത് പുനഃക്രമീകരണം സാധ്യമാക്കിയാൽ വിദൂര ഉൗരുനിവാസികൾക്ക് പഞ്ചായത്തിലെത്താൻ പകുതിയിൽ താഴെ യാത്ര മതിയാകുമെന്നതാണ് വസ്തുത.
ആവശ്യങ്ങൾ ഉന്നയിച്ചും സൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയും മുഖ്യമന്ത്രി, വകുപ്പുമന്ത്രി, ജില്ലാ കളക്ടർ തുടങ്ങി ബന്ധപ്പെട്ടവർക്ക് നിവേദനം നല്കി അനുകൂല നടപടിക്ക് കാത്തിരിക്കുകയാണെന്ന് സീനിയർ സിറ്റിസണ്‍ ഫോറം പ്രസിഡന്റ് ജോസഫ് ഫെൻസർ പറഞ്ഞു.