ആലപ്പുഴ: കനാൽ നവീകരണവുമായി ബന്ധപ്പെട്ട് നഗരത്തിലെ കനാലുകളിലെ ചെളി നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ നടക്കുന്നത് കനാലുകളുടെ കൽക്കെട്ടുകൾ നശിപ്പിച്ചുകൊണ്ടെന്ന് ആക്ഷേപം. ചെളിക്കൊപ്പം മണ്ണും നീക്കം ചെയ്യുന്പോൾ വശങ്ങളിലെ കൽക്കെട്ടിന്റെ താഴെയുള്ള കല്ലുകൾ ഇളകിയാണ് കൽക്കെട്ടുകൾ പലയിടത്തും തകരുന്നത്. നഗരത്തിൽ പലയിടത്തും ഇത്തരത്തിൽ കൽക്കെട്ട് തകർന്നിട്ടുണ്ട്.
പാലങ്ങൾ ഉള്ളയിടങ്ങളിൽ ഇതു വൻ ഭീഷണിയാണ് ഉയർത്തുന്നത്. മുപ്പാലത്തിനു താഴെ കൽക്കെട്ടിന്റെ അടിക്കല്ലുകൾ ഏതാണ്ട് പൂർണമായും ഇളകിയതു മൂലം പാലത്തിന്റെ അടിഭാഗം ഇടിയാനുമിടയുണ്ട്. മട്ടാഞ്ചേരി പാലത്തിന്റെ അപ്രോച്ച്റോഡും ഇത്തരത്തിൽ ഇടിയാൻ സാധ്യതയുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ശുചീകരിക്കേണ്ട ഭാഗത്തിനിരുവശവും ബണ്ട് കെട്ടി വെള്ളം പന്പു ചെയ്തു നീക്കിയ ശേഷമാണ് ചെളി നീക്കം ചെയ്യുന്നത്.
വേനൽക്കാലത്തു മാത്രം നടക്കുന്ന ഈ പ്രവർത്തനങ്ങൾ മഴ തുടങ്ങുന്നതോടെ മുടങ്ങാനാണ് സാധ്യത. അങ്ങനെ വന്നാൽ മണ്ണിടിയാനും പാലങ്ങൾ താഴേക്ക് ഇരിക്കാനും സാധ്യത കൂടുതലാണ്. ഇപ്പോൾ തകരാത്ത കൽക്കെട്ടുകൾ പോലും മഴ ശക്തമായാൽ വെള്ളം തള്ളി തകർച്ചയിലേക്കു നീങ്ങും.
ടൂറിസം പദ്ധതിയിൽപെടുത്തി മുന്പ് നടന്ന നവീകരണ പദ്ധതിയുടെ ഭാഗമായി കനാലിന്റെ വശങ്ങളിൽ നിർമിച്ച കൽക്കെട്ടുകളും നടപ്പാതകളും ഇരിപ്പിടങ്ങളും ഉൾപ്പടെയാണ് പലയിടത്തും ഇടിഞ്ഞു തകരുന്നത്. അതേസമയം തകരുന്ന കൽക്കെട്ടുകൾ ഇതോടൊപ്പം തന്നെ പുനർ നിർമിക്കുമെന്നും പാലങ്ങൾക്ക് യാതൊരുവിധത്തിലുള്ള ഭീഷണിക്കു സാധ്യതയില്ലെന്നും അധികൃതർ വ്യക്തമാക്കി.
108 കോടി മുടക്കി ഇടത്തോടുകൾ അടക്കം നവീകരിച്ച് സൗന്ദര്യവത്കരിക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇതിന്റെ മറവിൽ വൻതോതിൽ മണ്ണു കടത്തുന്നതായും ആക്ഷേപമുണ്ട്. കോടികളാണ് കനാൽ നവീകരണത്തിന്റെ പേരിൽ നഗരത്തിൽ ചെലവഴിക്കുന്നത്. മുൻ കാലങ്ങളിൽ നടന്ന കനാൽ നവീകരണ പ്രവർത്തനങ്ങൾ പലതും പരാജയപ്പെട്ട സാഹചര്യത്തിൽ ഈ പദ്ധതിയും കോടികളെ വെള്ളത്തിലാക്കുമോയെന്ന ആശങ്കയിലാണ് നഗരവാസികൾ.