ന്യൂഡൽഹി: നോട്ട് നിരോധനത്തിനു ശേഷം ഏറ്റവും അധികം പഴയ നോട്ടുകൾ മാറ്റിയെടുത്തത് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഡയറക്ടറായ സഹകരണ ബാങ്ക്. 745.59 കോടി രൂപയുടെ നോട്ടുകളാണ് അഹമ്മദാബാദ് ഡിസ്ട്രിക്റ്റ് കോഓപ്പറേറ്റീവ് ബാങ്ക് മാറിയെടുത്തതെന്നു വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നു.
500 രൂപ, 1000 രൂപ നോട്ടുകൾ അസാധുവാക്കി 2016 നവംബർ എട്ടിനു പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിഅഞ്ചു ദിവസത്തിനു ശേഷമാണ് 745 കോടി രൂപയുടെ നോട്ടുകൾ അഹമ്മദാബാദ് സഹകരണ ബാങ്ക് മാറിയതെന്നും മുംബൈ സ്വദേശിക്കു ലഭിച്ച മറുപടിയിൽ പറയുന്നു.
അസാധുവാക്കിയ നോട്ടുകൾ സഹകരണ ബാങ്കുകളിലൂടെ മാറിയെടുക്കാനാകില്ലെന്നും കേരളത്തിലെ സഹകരണ ബാങ്കുകളിൽ കള്ളപ്പണം വെളുപ്പിക്കുകയാണെന്നും കേന്ദ്ര സർക്കാരും ബിജെപിയും പ്രചരിപ്പിക്കുന്നതിനിടെയായിരുന്നു ഇത്.
2016 നവംബർ 14നു സഹകരണ ബാങ്കുകളിലൂടെ നോട്ടുകൾ മാറിയടെുക്കുന്നതിനു കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഈ നിയന്ത്രണം കൊണ്ടുവരുന്നതിനു മുന്പാണ് അഹമ്മദാബാദ് സഹകരണ ബാങ്ക് നോട്ടുകൾ മാറിയെടുത്തത്.
2000ൽ അഹമ്മദാബാദ് സഹകരണ ബാങ്കിന്റെ ചെയർമാനായിരുന്ന അമിത് ഷാ, ഇപ്പോഴും ഡയറക്ടർ സ്ഥാനത്തു തുടരുന്നെന്നാണ് ബാങ്കിന്റെ വെബ്സൈറ്റ് പറയുന്നത്. 2017 മാർച്ച് 31ലെ കണക്കുകൾ പ്രകാരം ഈ ബാങ്കിലെ ആകെ നിക്ഷേപം 5,050 കോടി രൂപയാണ്. 2016-17 വർഷത്തെ അറ്റാദായം 14.31 കോടി രൂപ. 122 ബ്രാഞ്ചുകളും 22 ലക്ഷം അക്കൗണ്ടുകളും ഈ ബാങ്കിനുണ്ട്.
ഗുജറാത്ത് മന്ത്രിസഭയിലെ അംഗം ജയേഷ്ഭായ് വിത്തൽഭായ് റഡാദിയ ചെയർമാനായ രാജ്കോട്ട് ഡിസ്ട്രിക്റ്റ്് കോഓപ്പറേറ്റീവ് ബാങ്കാണ് അസാധു നോട്ടുകൾ മാറിയതിൽ രണ്ടാമത്. 693.19 കോടി രൂപ ഈ ബാങ്ക് മാറിയെടുത്തു.
നബാർഡിന്റെ ചീഫ് ജനറൽ മാനേജരും ഉന്നതാധികാരിയുമായ എസ്. ശരവണവേലാണ് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനു മറുപടി നൽകിയിരിക്കുന്നത്. നോട്ട് അസാധുവാക്കലിനു ശേഷം ആദ്യമായാണ് വിവരാവകാശ നിയമ പ്രകാരം ഉന്നതാധികാര പദവിയിലുള്ളയാൾ മറുപടി നൽകുന്നത്.