തിരുവനന്തപുരം: നിരപരാധിയായ യുവാവിനെ മോഷണക്കേസിൽ കുടുക്കിയ പോലീസുകാർക്കു സസ്പെൻഷൻ. തിരുവനന്തപുരം വെള്ളറട സ്റ്റേഷനിലെ മുൻ സിഐയും നിലവിൽ തിരുവനന്തപുരം വിജിലൻസ് യൂണിറ്റിൽ അംഗവുമായ ജി. അജിത് കുമാർ, വെള്ളറട സ്റ്റേഷനിലെ മുൻ എസ്ഐയും ഇന്നു കൊല്ലം പുത്തൂരിൽ സിഐയുമായ വിജയകുമാർ എന്നിവർക്ക് എതിരേയാണു നടപടി.
തിരുവനന്തപുരം സ്വദേശി റെജിനെ മോഷണക്കേസിൽ കുടുക്കിയ സംഭവത്തിലാണ് ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചത്. 2017 ഒക്ടോബറിൽ വെള്ളറടയിലെ രണ്ടു കടകളിൽ നടന്ന മോഷണത്തിലാണു റെജിൻ അറസ്റ്റിലായത്. കേസിൽ 21 ദിവസം റെജിൻ ജയിലിൽ കിടന്നു. നാലു ദിവസത്തോളം പോലീസ് കസ്റ്റഡിയിൽ വച്ചു മർദിച്ചതായും റെജിൻ പരാതിപ്പെട്ടു.
പരാതി വാർത്തയായതിനെ തുടർന്ന് സ്പെഷൽ ബ്രാഞ്ചും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി. റെജിനെതിരായ തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതോടെയാണു പോലീസുകാർക്കെതിരേ ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചത്. കേസിൽ വിചാരണ റദ്ദാക്കാനും ഉത്തരവിട്ടു.