ചെറുപുഴ: മകനെ കേസില്‍ കുടുക്കിയ സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടു മാതാപിതാക്കള്‍ രംഗത്തെത്തി. പോക്സോ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ചെറുപുഴ മഞ്ഞക്കാട്ടെ അഖിലേഷ് മോന് എന്ന വിശാഖിന്റെ മാതാപിതാക്കളാണു മകനെ കേസില്‍ കുടുക്കിയതാണെന്ന ആക്ഷേപവുമായി പത്രസമ്മേളനം നടത്തിയത്.
അടുത്തു തന്നെ റിലീസാകാനിരിക്കുന്ന സിനിമയിലും ഏതാനും ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുള്ള വിശാഖ് സിനിമയില്‍ അവസരം നല്‍കാമെന്നു പ്രലോഭിപ്പിച്ചു 17 കാരിയെ തൃശൂരിലെത്തിച്ചു ചൂഷണം ചെയ്തുവെന്നായിരുന്നു കേസിനാസ്പദമായ പരാതി.
പരാതിക്കാരിയായ പെണ്‍കുട്ടിയുള്‍പ്പെടെ ഏതാനും കുട്ടികള്‍ വിശാഖും സുഹൃത്തുക്കളും നിര്‍മിക്കുന്ന സിനിമയുടെ ഓഡിഷനു തൃശൂരില്‍ പങ്കെടുത്തിരുന്നു. പിന്നീട് സിനിമ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടു വിശാഖും സുഹൃത്തുക്കളും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായി.
ഇതു സംബന്ധിച്ച തര്‍ക്കത്തിനു പിന്നാലെ വിശാഖിനെ ഒരു സംഘം അക്രമിച്ചു പരിക്കേല്‍പ്പിച്ചു. ഇതു കേസാവുകയും ചെറുപുഴ പോലീസ് വിപിന്‍ എന്നയാളെ പ്രതിയാക്കി കേസെടുക്കുകയും ചെയ്തു. ഈ കേസ് പിന്‍വലിക്കാനാവശ്യപ്പെട്ടു വിശാഖിനുമേല് സമ്മര്‍ദമുണ്ടായിരുന്നു.
എന്നാല്‍ കേസ് പിന്‍വലിക്കാന്‍ തയാറാകാതിരുന്നതോടെ പ്രതികള്‍ ഓഡിഷന് സമയത്തു പരിചയപ്പെട്ട പെണ്‍കുട്ടിയെ കൂട്ടുപിടിച്ചു വിശാഖിനെതിരേ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇക്കാര്യങ്ങള്‍ കേസന്വേഷിച്ച പയ്യന്നൂര്‍ പോലിസ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ക്കു ബോധ്യമായതാണെന്നും വിശാഖിന്റെ മാതാപിതാക്കള്‍ പറയുന്നു.
സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്നും മാതാപിതാക്കൾ പത്രസമ്മേളനത്തില്‍ അറിയിച്ചു.