വടക്കഞ്ചേരി: കിഴക്കഞ്ചേരി മേനോൻതരിശ്, പട്ടേംപാടം പ്രദേശത്തെ വീടുകളിൽ മോഷണത്തോടൊപ്പം വീട് പൂട്ടിയിട്ടും ചുമരുകളിൽ അശ്ലീല ചിത്രങ്ങൾ വരച്ചും കവർച്ചാസംഘത്തിന്റെ വികൃതികൾ.
മേനോൻ തരിശിൽ മുതുകാട് മേഴ്സി, പട്ടേം പാടം കാഞ്ഞിരത്തിങ്കൽ ജോയ്, കോച്ചേരിയിൽ ചാക്കോച്ചൻ തുടങ്ങിയവരുടെ വീടുകളിൽ കഴിഞ്ഞ രാത്രിയാണ് സംഭവം.
മേഴ്സിയുടെ വീടാണ് പുറത്തുനിന്ന് പൂട്ടി വീട്ടുകാരെ പേടിപ്പിച്ചത്. പിന്നീട് പോലീസിൽ വിവരമറിയിച്ച് പോലീസെത്തിയാണ് വാതിൽ തുറന്ന് വീട്ടുകാരെ രക്ഷപ്പെടുത്തിയത്.
ഇവരുടെ വീടിന്റെ ചുമരുകളിൽ അശ്ലീല വാക്കുകൾ എഴുതിവച്ചതിനൊപ്പം ചില അശ്ലീല പടങ്ങളും വരച്ചു വച്ചിട്ടുണ്ട്.
വീടിനു മുന്നിൽ വച്ചിരുന്ന സ്കൂട്ടറിന്റെ ഹെൽമറ്റ് മറ്റൊരു വീടിന്റെ മതിലിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.
കാഞ്ഞിരത്തിങ്കൽ ജോയിയുടെ ടെറസ് വീടിനു മുകളിൽ ഉണക്കാനിട്ടിരുന്ന റബർ ഷീറ്റുകൾ മോഷണം പോയിട്ടുണ്ട്. വീടിനു പുറത്തെ ബാത്റൂം ഉപയോഗിച്ച നിലയിലായിരുന്നു.
അയൽവാസിയായ കോച്ചേരിയിൽ ചാക്കോച്ചന്റെ വീടിനുപുറത്ത് സൂക്ഷിച്ചിരുന്ന പൊളിച്ച 70 നാളികേരവും മോഷണംപോയി.
കഴിഞ്ഞ രണ്ടു ദിവസമായി പ്രദേശത്ത് നല്ല തണുപ്പ് അനുഭവപ്പെടുന്നതിനാൽ വീട്ടുകാർ ജനാലകളെല്ലാം അടച്ചിട്ടാണ് രാത്രികളിൽ കഴിയുന്നത്.
ഇതിനാൽ പുറത്തു നടക്കുന്ന ശബ്ദം ആരും കേട്ടില്ല. പോലീസ് എത്തി പ്രാഥമിക പരിശോധന നടത്തി.
പ്രദേശത്തെ വീടുകളിലും സ്ഥാപനങ്ങളിലുമുള്ള സി സി ടിവി കാമറകൾ പരിശോധിച്ച് മോഷ്ടാക്കളെ ഉടൻ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.