കൊച്ചി: കല്ലട ബസ് ജീവനക്കാർ യാത്രക്കാരെ മർദിച്ച സംഭവത്തിൽ ബസ് ഉടമ സുരേഷ് കല്ലടയ്ക്കും രണ്ട് ഡ്രൈവർമാർക്കും എറണാകുളം ആർടിഒ നോട്ടീസ് നൽകി. സംഭവത്തിൽ തെളിവെടുപ്പിനു ഹാജരാകണമെന്നു കാണിച്ചാണു നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസ് കൈപ്പറ്റി അഞ്ച് ദിവസത്തിനകം എല്ലാവരും തെളിവെടുപ്പിന് ഹാജരാകണം.
ഏതാനും ദിവസംമുന്പാണ് ഇതു സംബന്ധിച്ച നോട്ടീസിൽ ആർടിഒ ഒപ്പിട്ടത്. യാത്രക്കിടയിൽ ട്രിപ്പ് നിർത്തിയ ബസിലെ ഡ്രൈവർ, പിന്നീട് യാത്രക്കാരുമായി മരടിൽ എത്തിയ ബസിന്റെ ഡ്രൈവർ എന്നിവരാണ് ഉടമ സുരേഷ് കല്ലടയ്ക്കൊപ്പം ഹാജരാകേണ്ടത്.
ഇരു ബസിലെയും ഡ്രൈവർമാർ നിലവിൽ റിമാൻഡിലാണ്. ഇവരുടെ മേൽവിലാസത്തിലേക്കാണ് നോട്ടീസ് അയച്ചിട്ടുള്ളതെന്നും റിമാൻഡ് കാലാവധി കഴിഞ്ഞുമാത്രമാകും ഇരുവരും ഹാജരാകുകയെന്നും അധികൃതർ പറഞ്ഞു. നിലവിൽ കല്ലട ബസിനെതിരേ അധികൃതർ അന്വേഷണം നടത്തുന്നുണ്ട്.
അന്വേഷണ റിപ്പോർട്ടിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിലും സുരേഷ് കല്ലടയുടെ മൊഴിയുടെ അടിസ്ഥാനത്തിലും ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും അധികൃതർ പറഞ്ഞു. ജീവനക്കാരെ നിയന്ത്രിക്കേണ്ടത് ഉടമയുടെ കടമയാണെന്നും ബസിലെ ആക്രമണത്തിൽ സുരേഷ് കല്ലടയ്ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നുമുള്ള നിലപാടിലാണു ഗതാഗത വകുപ്പ്.