കൊച്ചി: തിരുവനന്തപുരത്തുനിന്നു ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ കല്ലട ബസിൽ യാത്രക്കാർക്കു മർദനമേറ്റ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. ബസിലെ ജീവനക്കാരനായ ആലപ്പുഴ സ്വദേശി വിഷ്ണുവാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇന്ന് പുലർച്ചെയാണ് പ്രതിയെ പിടികൂടിയത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് ഇതിനോടകം പിടിയിലായവരുടെ എണ്ണം അഞ്ചായി.
ബസ് ഡ്രൈവറായ അൻവർ, ബസ് ജീവനക്കാരായ തിരുവനന്തപുരം സ്വദേശി ജയേഷ്, ആലത്തൂർ സ്വദേശി ജിതിൻ എന്നിവരെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ അറസ്റ്റുചെയ്തിരുന്നു. പിടിയിലായവരെ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതർ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ഇവർക്കെതിരേ മറ്റ് കേസുകളില്ലെന്നാണു വിവരം ലഭിച്ചിട്ടുള്ളതെങ്കിലും രേഖാമൂലം അതാത് പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെടുമെന്നും അധികൃതർ പറഞ്ഞു.
പിടിയിലായ പ്രതികളിൽ രാജേഷ് എന്നയാൾ യുവാക്കളെ മർദിച്ച് ബസിൽനിന്ന് ഇറക്കിവിട്ട സംഘത്തിൽ ഉള്ളയാളാണ്. കല്ലടയുടെ വൈറ്റില ഓഫീസിലെ ജീവനക്കാരനായ ഇയാൾ ബസ് ഇവിടെയെത്തിയപ്പോൾ ബസിൽ കയറി യുവാക്കളെ ആക്രമിച്ച സംഘത്തിൽ ഉൾപ്പെട്ടയാളാണ്. തുടർന്ന് യുവാക്കളെ മർദിച്ച് റോഡിൽ ഇറക്കിവിടുന്നതിലും ഇയാൾ നേതൃത്വം നൽകിയെന്ന് പോലീസ് വ്യക്തമാക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഇനിയും നിരവധിപേർ പിടിയിലാകാനുള്ളതായാണ് അധികൃതർ നൽകുന്ന വിവരം. യുവാക്കളെ മർദിക്കുന്ന വീഡിയോയിൽനിന്നും തിരിച്ചറിഞ്ഞ പ്രതികൾക്കു പുറമേ സംഭവം നടന്ന വൈറ്റിലയിൽ പരിശോധന നടത്തിയ പോലീസ് കടകളിൽനിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് അന്വേഷണം നടത്തുന്നത്.
കേസുമായി ബന്ധപ്പെട്ട് ബസിന്റെ ഓപ്പറേഷൻ മാനേജർ ഹരിലാലിനെ പോലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും ചോദ്യം ചെയ്യലിനുശേഷം രാത്രിയോടെ വിട്ടയച്ചു. മറ്റൊരു പ്രതി ഗിരിലാലിനുവേണ്ടി പോലീസ് അന്വേഷണം ഉൗർജിതമാക്കി. വിവിധ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തൃക്കാക്കര എസിപി സ്റ്റുവർട്ട് കീലറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം.
തിരുവനന്തപുരത്തുനിന്നു രാത്രി 10ന് പുറപ്പെട്ട ബസ് ഹരിപ്പാട് എത്തിയപ്പോൾ ബ്രേക്ക് ഡൗണ് ആയി. ഏറെ നേരം കഴിഞ്ഞിട്ടും കേടുപാട് പരിഹരിച്ച് യാത്ര തുടരുന്നതിനോ ബദൽ യാത്രാസൗകര്യം ഒരുക്കുന്നതിനോ ജീവനക്കാർ നടപടിയെടുക്കാതിരുന്നതിനെ യാത്രക്കാർ ചോദ്യം ചെയ്തു. ഇതോടെ ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്നു പോലീസ് ഇടപെട്ട് മറ്റൊരു ബസിൽ യാത്രക്കാരെ കയറ്റിവിട്ടു. ബസ് എറണാകുളം വൈറ്റിലയിൽ എത്തിയപ്പോൾ ബസ് ജീവനക്കാർ സംഘംചേർന്ന് ആക്രമിക്കുകയും മർദനത്തിൽ പരിക്കേറ്റ യുവാക്കളെ ബസിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു.
ഈ ബസിലെ ഡ്രൈവറാണ് അറസ്റ്റിലായ അൻവർ. തിരുവനന്തപുരം സ്വദേശി അജയ്ഘോഷ്, പാലക്കാട് സ്വദേശി മുഹമ്മദ് അഷ്കർ, സുൽത്താൻ ബത്തേരി സ്വദേശി സച്ചിൻ എന്നിവർക്കാണു മർദമേറ്റത്. പോലീസ് കസ്റ്റഡിയിലെടുത്ത കെഎൽ 45 എച്ച് 6132 എന്ന നന്പറിലുള്ള ബസിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ തുടങ്ങിയതായി എറണാകുളം ആർടിഒ ജോജി പി. ജോസ് പറഞ്ഞു.
ഇതിന്റെ ഭാഗമായി മരട് പോലീസിൽ നിന്ന് കേസിന്റെ വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ട്. കല്ലട ട്രാവൽസിന്റെ വൈറ്റിലയിലെ ഓഫീസിൽ എത്തി ബസിന്റെ രേഖകളുടെ പരിശോധനകളും പൂർത്തിയാക്കി. ഇനി ബസുടമയുടെ വിശദീകരണം കേൾക്കുകമാത്രമാണ് ശേഷിക്കുന്ന നടപടി. യാത്രക്കാരോട് അപമര്യാദയായി പെരുമാറിയതും അവരെ മർദിച്ചതും പെർമിറ്റ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണു നടപടി.
ബസ് രജിസ്റ്റർ ചെയ്തിട്ടുള്ളത് ഇരിങ്ങാലക്കുട ആർടി ഓഫീസിൽ ആയതിനാൽ ഇതു സംബന്ധിച്ച റിപ്പോർട്ട് അവിടേക്ക് അയച്ചു നൽകും. ഇരിങ്ങാലക്കുട ജോയിന്റ് ആർടിഒ ആണ് പെർമിറ്റ് റദ്ദ് ചെയ്യേണ്ടത്. യാത്രക്കാരെ മർദിക്കുന്നതിനു കൂട്ടുനിന്ന ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനും നടപടി കൈക്കൊണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൃശൂർ സ്വദേശി കെ.ആർ. സുരേഷ് കുമാറിന്റെ ഇരിങ്ങാലക്കുട ആസ്ഥാനമായുള്ള സുരേഷ് കല്ലട ഗ്രൂപ്പിൻറെതാണു ബസ്.