കൊച്ചി: യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ട കല്ലട ബസ് ജീവനക്കാർക്കെതിരെ വ്യാപക പ്രതിഷേധം. യാത്രക്കാരുടെ പരാതിയേത്തുടർന്ന് ബസ് തിങ്കളാഴ്ച ഉച്ചയ്ക്ക് മുൻപ് മരട് പോലീസ് സ്റ്റേഷനിൽ ഹാജരാക്കണമെന്ന് പോലീസ് നിർദേശം നല്കി. രാവിലെ തിരുവനന്തപുരത്ത് എത്തിയ ബസ് ഉച്ചയോടെ മരട് സ്റ്റേഷനിലെത്തിക്കാം എന്ന് ജീവനക്കാർ പോലീസിനെ അറിയിച്ചതായാണ് വിവരം.
യാത്രക്കാരെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയ അജയ് ഘോഷ് എന്ന യുവാവിനോട് മൊഴിയെടുക്കാൻ വേണ്ടി സ്റ്റേഷനിൽ ഹാജരാകാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സുരേഷ് കല്ലട ബസ് ജീവനക്കാരായ മൂന്ന് പേർക്ക് എതിരെയാണ് മരട് പോലീസ് കേസെടുത്തത്.
തിരുവനന്തപുരത്ത് നിന്ന് ബംഗളൂരൂവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസില് ഞായറാഴ്ച അർധരാത്രിയിലാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. ഞായറാഴ്ച രാത്രി ഹരിപ്പാട് വച്ച് ബസ് തകരാറായി വഴിയിൽ കിടന്നിരുന്നു. ദീർഘനേരം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് യാത്രക്കാർക്ക് ബസ് ജീവനക്കാർ യാതൊരു മറുപടിയും നൽകിയില്ല. ഇതേത്തുടർന്ന് ജീവനക്കാരുമായി യാത്രക്കാരായ യുവാക്കൾ തർക്കിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.
ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരൻ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്ത ദൃശ്യങ്ങളിലൂടെയാണ് മർദന വിവരം പുറത്തായത്. പിന്നീട് ബസ് വൈറ്റിലയിലെത്തിയപ്പോൾ കൂടുതൽ ബസ് ജീവനക്കാർ ബസിലേക്ക് ഇരച്ച് കയറുകയും യുവാക്കളെ മർദ്ദിക്കുകയുമായിരുന്നു. വൈറ്റിലയിൽ വച്ച് മർദ്ദിച്ചവശരാക്കിയ ശേഷം യുവാക്കളെ ഇറക്കിവിടുകയും ചെയ്തു. മർദ്ദനമേറ്റ അജയഘോഷ് എന്ന യുവാവ് ഫോണിൽ വിളിച്ച് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.