കൊച്ചി: കല്ലട ബസ് ജീവനക്കാർ യാത്രക്കാരെ മർദിച്ച സംഭവത്തിൽ എറണാകുളം ആർടിഒ ജോജി പി. ജോസിന്റെ റിപ്പോർട്ടു ലഭിച്ചതായി ഇരിങ്ങാലക്കുട ജോയിന്റ് ആർടിഒ. ഇന്നലെ വൈകിട്ടോടെയാണ് റിപ്പോർട്ട് ലഭിച്ചത്. ഫയൽ പരിശോധിച്ചുവരുന്നതായും പെർമിറ്റ് റദ്ദാക്കണമെന്ന റിപ്പോർട്ടുണ്ടെങ്കിൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗത വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിന്റെയും ബസ് ഉടമ സുരേഷ് കല്ലടയുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പെർമിറ്റ് റദ്ദാക്കാനുള്ള ശിപാർശ എറണാകുളം ആർടിഒ നൽകിയിട്ടുള്ളത്. ഹരിപ്പാടുനിന്നും വൈറ്റിലയിലേക്കു യാത്രികരെ എത്തിച്ച ബസിന്റെ പെർമിറ്റ് റദ്ദാക്കാനാണ് ശിപാർശ. ബസ് രജിസ്റ്റർ ചെയ്തിട്ടുള്ളത് ഇരിങ്ങാലക്കുട ആർടി ഓഫീസിൽ ആയതിനാലാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് അവിടേക്ക് അയച്ചു നൽകിയത്. ഇരിങ്ങാലക്കുട ജോയിന്റ് ആർടിഒ ആണ് പെർമിറ്റ് റദ്ദ് ചെയ്യേണ്ടത്.
സംഭവത്തിൽ ബസ് ഉടമ സുരേഷ് കല്ലട ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്കും പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിനു മുന്പാകെയും ഹാജരായി മൊഴി നൽകിയിരുന്നു. സംഭവ ദിവസം ഒന്നും അറിഞ്ഞിരുന്നില്ലെന്നും പിറ്റേ ദിവസമാണ് മർദനം സംബന്ധിച്ച വിവരം ലഭിച്ചതെന്നുമായിരുന്നു സുരേഷ് കല്ലട ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ മുന്പാകെ നൽകിയിരുന്ന മൊഴി. ലൈസൻസ് റദ്ദാക്കുന്നതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി രണ്ട് ഡ്രൈവർമാരിൽനിന്നും ഇനി മൊഴിയെടുക്കേണ്ടതുണ്ട്.
നിലവിൽ റിമാൻഡിൽ കഴിയുന്ന യാത്രക്കിടയിൽ ട്രിപ്പ് നിർത്തിയ ബസിലെ ഡ്രൈവർ, പിന്നീട് യാത്രക്കാരുമായി മരടിൽ എത്തിയ ബസിന്റെ ഡ്രൈവർ എന്നിവരിൽനിന്നുമാണ് മൊഴിയെടുക്കേണ്ടത്. റിമാൻഡ് കാലാവധി കഴിഞ്ഞുമാത്രമാകും ഇരുവരും ഹാജരാകുക. കഴിഞ്ഞ മാസം 20 ന് തിരുവനന്തപുരത്തുനിന്നു ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം.
തിരുവനന്തപുരത്തുനിന്നു രാത്രി 10ന് പുറപ്പെട്ട ബസ് ഹരിപ്പാട് എത്തിയപ്പോൾ ബ്രേക്ക് ഡൗണ് ആയി. ഏറെ നേരം കഴിഞ്ഞിട്ടും കേടുപാട് പരിഹരിച്ച് യാത്ര തുടരുന്നതിനോ ബദൽ യാത്രാസൗകര്യം ഒരുക്കുന്നതിനോ ജീവനക്കാർ നടപടിയെടുക്കാതിരുന്നതിനെ യാത്രക്കാർ ചോദ്യം ചെയ്തു. ഇതോടെ ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്നു പോലീസ് ഇടപെട്ട് മറ്റൊരു ബസിൽ യാത്രക്കാരെ കയറ്റിവിട്ടു.
21ന് പുലർച്ചെ ബസ് എറണാകുളം വൈറ്റിലയിൽ എത്തിയപ്പോൾ ബസ് ജീവനക്കാർ സംഘംചേർന്ന് ആക്രമിക്കുകയും മർദനത്തിൽ പരിക്കേറ്റ യുവാക്കളെ ബസിൽനിന്ന് ഇറക്കിവിടുകയുമായിരുന്നു. ബസിലെതന്നെ യാത്രികർ വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടർന്ന് പ്രത്യേക അന്വേഷണ സംഘംതന്നെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഏഴ്ജീവനക്കാരെ പോലീസ് പിടികൂടിയിരുന്നു.