യാത്രക്കാരെ മർദ്ദിച്ച കല്ലട ബസ് ജീവനക്കാർക്കെതിരെ സോഷ്യൽമീഡിയയിൽ ട്രോൾ പെരുമഴ. ജീവനക്കാരെ പരിഹസിച്ച് നിരവധി ട്രോളുകളാണ് സോഷ്യൽമീഡിയയിൽ സജീവമാകുന്നത്.
തിരുവനന്തപുരത്തു നിന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസിൽ ഞായറാഴ്ച അർധരാത്രിയോടെയാണ് സംഭവം അരങ്ങേറിയത്. ഹരിപ്പാട് വച്ച് തകരാറിലായി ബസ് വഴിയിൽ കിടന്നിരുന്നു. ദീർഘസമയമായിട്ടും പരിഹരിക്കുവാൻ ജീവനക്കാർ തയാറാകാത്തതിൽ സഹികെട്ട യുവാക്കൾ ജീവനക്കാരുമായി തർക്കിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.
ബസ് വൈറ്റിലയിലെത്തിയപ്പോൾ സംഘമായി ബസിലേക്ക് ഇരച്ചെത്തിയ ജീവനക്കാർ യുവാക്കളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അവശരായ യുവാക്കളെ ബസിൽ നിന്നും ഇറക്കി വിടുകയും ചെയ്തു. യാത്രക്കാരിൽ ഒരാൾ പകർത്തിയ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചതോടെയാണ് സംഭവം പുറത്തായത്.
ജീവനക്കാരായ ജയേഷ്, ജിതിൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ബസിന്റെ പെർമിറ്റ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.