കൊച്ചി: സുരേഷ് കല്ലട ബസിൽ യാത്രക്കാരെ ജീവനക്കാർ മർദിച്ച സംഭവത്തിൽ പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തി. മർദനത്തിനിരയായ യാത്രക്കാർ പ്രതികളെയെല്ലാം തിരിച്ചറിഞ്ഞു. ഇന്നലെ വൈകിട്ട് എറണാകുളം സബ് ജയിലിലായിരുന്നു തിരിച്ചറിയൽ പരേഡ്.
കേസിൽ റിമാൻഡിൽ കഴിയുന്ന ആറു പേരെയും ജാമ്യത്തിലിറങ്ങിയ ഒരാളെയുമാണു മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ തിരിച്ചറിയൽ പരേഡിൽ ഹാജരാക്കിയത്. ആദ്യ ഘട്ടത്തിൽ യാത്രക്കാരനായ അജയ്ഘോഷിനായിരുന്നു തിരിച്ചറിയൽ പരേഡ്. പിന്നീട് പാലക്കാട് സ്വദേശി മുഹമ്മദ് അഷ്കർ, സുൽത്താൻ ബത്തേരി സ്വദേശി സച്ചിൻ എന്നിവർ തിരിച്ചറിയൽ പരേഡിൽ പങ്കെടുത്തു.
പ്രതികളായ മണ്ണഞ്ചേരി സ്വദേശി വിഷ്ണു(29), കൊല്ലം സ്വദേശി ഗിരിലാൽ (37), പുതുച്ചേരി സ്വദേശി കുമാർ (55) തിരുവനന്തപുരം സ്വദേശി ജയേഷ് (29), തൃശൂർ സ്വദേശി ജിതിൻ (25), തമിഴ്നാട് സ്വദേശി അൻവർ (38), ഹരിപ്പാട് സ്വദേശി രാജേഷ് (26) എന്നിവരെയാണ് മർദനമേറ്റവർ തിരിച്ചറിഞ്ഞത്.
ഏപ്രിൽ 21ന് സുരേഷ് കല്ലട ഗ്രൂപ്പിന്റെ തിരുവനന്തപുരം- ബംഗളൂരു ബസിലെ യാത്രക്കാരെയാണ് ജീവനക്കാർ ക്രൂരമായി ആക്രമിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഞെട്ടിക്കുന്ന ക്രൂരത പുറംലോകം അറിഞ്ഞത്. തുടർന്ന് ഏഴു പേരെ മരട് പോലീസ് അറസ്റ്റ് ചെയ്തു.
കേസിൽ പ്രതികൾക്ക് വെള്ളിയാഴ്ച സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. തിങ്കളാഴ്ച തെളിവെടുപ്പ് നടക്കാനിരിക്കേയായിരുന്നു ജാമ്യം. തുടർന്ന് പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടക്കാനുണ്ടെന്ന് മനസിലാക്കിയ മജിസ്ട്രേറ്റ് അതിനുശേഷം മാത്രം ജാമ്യം അനുവദിച്ചാൽ മതിയെന്നു നിർദേശിക്കുകയായിരുന്നു. എന്നാൽ, അപ്പോഴേക്കും കേസിലെ മൂന്നാം പ്രതി തൃശൂർ സ്വദേശി ജിതിൻ ജാമ്യത്തുക കെട്ടിവച്ച് ജയിലിനു പുറത്തിറങ്ങിയിരുന്നു.