കൊച്ചി: കല്ലട ബസിന്റെ അക്രമത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് ഇന്ന് മുതൽ ജില്ലയിലും നടപ്പിലായേക്കും. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകളിൽ രാത്രികാല പരിശോധന അടക്കം നടത്തുന്നതാണു പദ്ധതി.
എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒയുടെ നേതൃത്വത്തിലാണു പരിശോധനകൾ. നാളെ മുതൽ പരിശോധന കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം. അതിനിടെ, കല്ലട ബസിലെ മർദനവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം കൂടുതൽ അന്വേഷണത്തിനായി സേലത്തെത്തി.
കല്ലട ബസിന്റെ സേലത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടെ അധികൃതർ പരിശോധന വിധേയമാക്കുന്നതായാണു സൂചന. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ബസിന്റെ സേലത്തെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പലരെയും ചോദ്യം ചെയ്തതായും സൂചനയുണ്ട്. തൃക്കാക്കര എസിപി സ്റ്റുവർട്ട് കീലറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണു കേസ് അന്വേഷിക്കുന്നത്.
അതിനിടെ, കേസുമായി ബന്ധപ്പെട്ടു പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഹരിപ്പാടുവച്ച് ബ്രേക്ക് ഡൗണായ ബസിലെ ഡ്രൈവർ തമിഴ്നാട് പോണ്ടിച്ചേരി നാച്ചിയാർപാളയം വീട്ടുനന്പർ 13 ൽ കുമാർ (55), കല്ലടയുടെ വൈറ്റിലയിലെ ഓഫീസ് ജീവനക്കാരായ കൊല്ലം തട്ടംതുരുത്ത് ആറ്റുപുറത്ത് ഗിരിലാൽ (37), ആലപ്പുഴ മണ്ണഞ്ചേരി കാവുങ്കൽ കടയന്പളം വിഷ്ണു (29), ഹരിപ്പാടുനിന്നും യാത്രക്കാരുമായി വീണ്ടും യാത്ര തിരിച്ച ബസിലെ ഡ്രൈവറായ അൻവർ, ബസ് ജീവനക്കാരായ തിരുവനന്തപുരം സ്വദേശി ജയേഷ്, ആലത്തൂർ സ്വദേശി ജിതിൻ എന്നിവരെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു.
സിസിടിവി കാമറകളുടെ പരിശോധനകളിൽ കണ്ടെത്തിയ പ്രതികളെയാണു നിലവിൽ പിടികൂടിയിട്ടുള്ളതെന്നും മർദനമേറ്റ യുവാവിന്റെ മൊഴിപ്രകാരം പത്തോളം പ്രതികളുണ്ടെന്നുമാണ് അധികൃതർ പറയുന്നത്. യുവാക്കളെ മർദിക്കുന്ന വീഡിയോയിൽനിന്നും തിരിച്ചറിഞ്ഞ പ്രതികൾക്കു പുറമേ സംഭവം നടന്ന വൈറ്റിലയിൽ പരിശോധന നടത്തിയ പോലീസ് കടകളിൽനിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ തിരുവനന്തപുരത്തുനിന്നു ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം.
തിരുവനന്തപുരത്തുനിന്നു രാത്രി 10ന് പുറപ്പെട്ട ബസ് ഹരിപ്പാട് എത്തിയപ്പോൾ ബ്രേക്ക് ഡൗണ് ആയി. ഏറെ നേരം കഴിഞ്ഞിട്ടും കേടുപാട് പരിഹരിച്ച് യാത്ര തുടരുന്നതിനോ ബദൽ യാത്രാസൗകര്യം ഒരുക്കുന്നതിനോ ജീവനക്കാർ നടപടിയെടുക്കാതിരുന്നതിനെ യാത്രക്കാർ ചോദ്യം ചെയ്തു.
ഇതോടെ ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്നു പോലീസ് ഇടപെട്ട് മറ്റൊരു ബസിൽ യാത്രക്കാരെ കയറ്റിവിട്ടു. ബസ് എറണാകുളം വൈറ്റിലയിൽ എത്തിയപ്പോൾ ബസ് ജീവനക്കാർ സംഘംചേർന്ന് ആക്രമിക്കുകയും മർദനത്തിൽ പരിക്കേറ്റ യുവാക്കളെ ബസിൽ നിന്ന് ഇറക്കിവിടുകയുമായിരുന്നു.