കൊച്ചി: കല്ലട ബസ് ജീവനക്കാർ യാത്രക്കാരെ മർദിച്ച സംഭവത്തിൽ കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ ശിപാർശ ചെയ്തു ഗതാഗതവകുപ്പിന്റെ റിപ്പോർട്ട്. എറണാകുളം ആർടിഒ ജോജി പി. ജോസാണ് ഇരിങ്ങാലക്കുട ജോയിന്റ് ആർടിഒയ്ക്ക് ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകിയത്. മർദനം നടന്ന ബസ് ഇരിങ്ങാലക്കുട ആർടി ഓഫീസിൽ രജിസ്റ്റർ ചെയ്തതിനാലാണു റിപ്പോർട്ട് അവിടേക്കു നൽകിയത്.
കഴിഞ്ഞമാസം 20നു തിരുവനന്തപുരത്തുനിന്നു ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ ഹരിപ്പാടിനും വൈറ്റിലയ്ക്കും ഇടയിലായിരുന്നു ബസിൽ വച്ചു യാത്രക്കാർക്കു മർദനമേറ്റത്. ജീവനക്കാരെ നിയന്ത്രിക്കേണ്ടത് ഉടമയുടെ കടമയാണെന്നും ബസിലെ ആക്രമണത്തിൽ ഉടമയായ സുരേഷ് കല്ലടയ്ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നുമുള്ള നിലപാടിലാണു ഗതാഗത വകുപ്പ്. റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ലഭിക്കുന്ന മുറയ്ക്ക് പെർമിറ്റ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഇരിഞ്ഞാലക്കുട ജോയിന്റ് ആർടിഒ വ്യക്തമാക്കി.
സംഭവം നടന്നു പിറ്റേദിവസമാണു മർദനം സംബന്ധിച്ച വിവരം ലഭിച്ചതെന്നായിരുന്നു സുരേഷ് കല്ലട ഗതാഗത വകുപ്പ് അധികൃതർക്കു നൽകിയ മൊഴി. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബസിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും പിരിച്ചുവിട്ടതായും സുരേഷ് കല്ലട മൊഴി നൽകി. റിമാൻഡിൽ കഴിയുന്ന രണ്ടു ബസ് ഡ്രൈവർമാരിൽനിന്നു കൂടി മൊഴിയെടുക്കും. റിമാൻഡ് കാലാവധി കഴിയുന്ന മുറയ്ക്കാകും മൊഴിയെടുക്കുക. ഇവരുടെ വിശദീകരണം കേട്ടശേഷം ലൈസൻസ് റദ്ദാക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.
യാത്രയ്ക്കിടെ ബസ് ഹരിപ്പാട് എത്തിയപ്പോൾ ബ്രേക്ക് ഡൗണ് ആയതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. യാത്ര തുടരാതിരുന്നതിനെ യാത്രക്കാർ ചോദ്യം ചെയ്തതോടെ ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. തുടർന്നു പോലീസ് ഇടപെട്ട് മറ്റൊരു ബസിൽ യാത്രക്കാരെ കയറ്റിവിട്ടു. പുലർച്ചെ ബസ് വൈറ്റിലയിൽ എത്തിയപ്പോൾ ബസ് ജീവനക്കാർ സംഘംചേർന്ന് ചോദ്യം ചെയ്തവരെ ആക്രമിച്ചു. പരിക്കേറ്റ ചിലരെ ബസിൽനിന്ന് ഇറക്കിവിടുകയും ചെയ്തു.
ബസിലെതന്നെ യാത്രക്കാർ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പ്രത്യേക അന്വേഷണസംഘം ഏഴു ജീവനക്കാരെ പിടികൂടിയിരുന്നു. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന മർദനമേറ്റ യുവാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണ്.