കുണ്ടറ: ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ കല്ലട ജലോത്സവത്തിന് കല്ലടയാറ്റിൽ അങ്കത്തട്ടൊരുങ്ങി. നാളെ ഉച്ചകഴിഞ്ഞ് രണ്ടിനാണ് അങ്കപ്പോര്. മൺട്രോതുരുത്തിലെ മുതിരപ്പറന്പ്-കാരൂത്രക്കടവ് നെട്ടായത്തിൽ നടക്കുന്ന വള്ളംകളി എല്ലാവർഷവും ഇരുപത്തിയെട്ടാം ഓണത്തിനായിരുന്നു. കല്ലട ജലോത്സവം ചാന്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായതോടെയാണ് ജലോത്സവ തീയതിക്ക് മാറ്റമുണ്ടായത്.
ഓഗസ്റ്റ് 30ന് പുന്നമടക്കായലിൽ ആരംഭിച്ച ചാന്പ്യൻസ് ബോട്ട് ലീഗിന്റെ പതിനൊന്നാമത് മത്സരത്തിലാണ് കല്ലടയാറൊരുങ്ങുന്നത്. മുൻകാലത്തെപ്പോലെ മൺട്രോതുരുത്ത്, പടിഞ്ഞാറേകല്ലട, കിഴക്കേകല്ലട പഞ്ചായത്തുകളിൽ ജലമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. കാരൂത്രക്കടവാണ് പ്രധാനവേദി.
കല്ലട ജലോത്സവവും കൊല്ലം പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും സമാപിക്കുന്നതോടെ ചാന്പ്യൻസ് ബോട്ട് ലീഗിന്റെ 12 മത്സരങ്ങൾ സമാപിക്കും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ചുണ്ടനെ ഒന്നാമനായി പ്രഖ്യാപിച്ച് കപ്പും 25 ലക്ഷംവ രൂപയും സമ്മാനമായി നൽകും. രണ്ടാം സ്ഥാനത്തിന് 15 ലക്ഷവും മൂന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. പങ്കെടുത്തുന്ന എല്ലാവർക്കും നാല് ലക്ഷം രൂപ വീതം ബോണസായി ലഭിക്കും.
ഇതിന് പുറമെ പ്രാദേശിക മത്സരങ്ങളിൽ പങ്കെടുക്കുന്ന വള്ളങ്ങൾക്ക് സാധാരണയായി നൽകിവരുന്ന ട്രോഫികളും സമ്മാനങ്ങളും ലഭിക്കും. ചാന്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി ഒന്പത് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 21 വള്ളങ്ങളാണ് നീറ്റിലിറങ്ങുന്നത്. സംസ്ഥാന സർക്കാരും ടൂറിസം വകുപ്പും ചേർന്നാണ് ഇക്കുറി ജലോത്സവത്തിന് നേതൃത്വം നൽകുന്നത്.
ഇരുപത്തിയെട്ടാം ഓണം ഒഴിവാക്കിക്കൊണ്ടുള്ള ജലോത്സവ തീരുമാനം മൺട്രോതുരത്ത് നിവാസികളിലും ജലോത്സവ പ്രേമികളിലും തെല്ലൊരു വിഷമത്തിന് ഇടവരുത്തിയിരുന്നു. എങ്കിലും ജലോത്സവ തീയതി അടുത്തതോടെ മൺട്രോതുരുത്തും സമീപപ്രദേശങ്ങളും ആവേശത്തിലാണ്. സ്റ്റാർ സ്പോർട്സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ചാനലുകൾ ജലോത്സവ പരിപാടികൾ തത്സമയം പ്രക്ഷേപണം ചെയ്യുമെന്നത് ഇത്തവണത്തെ ജലോത്സവത്തിന് ലഭിക്കുന്ന അംഗീകാരമായി കരുതുന്നവരുമുണ്ട്.