കൊല്ലം :കല്ലട ജലസേചന പദ്ധതിയുടെ സര്‍ക്കിള്‍ ഓഫീസും അനുബന്ധ ഓഫീസുകളും നിര്‍ത്തല്‍ ചെയ്ത് മറ്റ് പ്രദേശങ്ങളിലേയ്ക്ക് മാറ്റി സ്ഥാപിക്കുന്നതിനുളള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന് എം.പി ജലവിഭവ വകുപ്പ് മന്ത്രിയ്ക്ക് കത്ത് നല്കി.
നിലവിലെ ഓഫീസുകള്‍ നിര്ത്തിലാക്കുന്നതിനും അവ മറ്റ് പ്രദേശങ്ങളിലേയ്ക്ക് പുനസ്ഥാപിക്കുന്നതിന് നടത്തുന്ന ശ്രമം പദ്ധതി പ്രവര്‍ത്തനത്തെ തകിടം മറിക്കും.
ജനങ്ങളുടെ സുരക്ഷയ്ക്കും ജലസേചനത്തിനും വേണ്ടി നിരന്തരവും ജാഗ്രതാപൂര്‍വ്വമായ നിരീക്ഷണവും നടപടികളും സ്വീകരിക്കുക, പദ്ധതി പ്രദേശത്തെ കൈയ്യേറ്റം തടയുക, ഡാമിന്റെ അറ്റകുറ്റപ്പണി, ഡാമിന്റെ സംരക്ഷണം, കാലപ്പഴക്കം കൊണ്ട് തകര്‍ന്ന കനാലുകളുടെ അറ്റകുറ്റപ്പണി, കനാലുകളുടെ സംരക്ഷണം, ജലസംഭരണ നിരീക്ഷണം, വെളളപൊക്ക നിയന്ത്രണം, തുടങ്ങി ഒഴിവാക്കാനാകാത്ത ജോലികള്‍ നിലവിലുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയാണ് കല്ലട ജലസേചന പദ്ധതി.
കനാല്‍ വ്യാപിച്ചു കിടക്കുന്ന മൂന്ന് ജില്ലകളില്‍ വേനല്‍ കാലത്ത് കുടിവെളള ക്ഷാമം പരിഹരിക്കുന്നതിന് ആശ്രയമാകുന്നത് കനാലില്‍ കൂടി വെളളം തുറന്നു വിടുന്നതുകൊണ്ടാണ്. പദ്ധതി വിഭാവന ചെയ്ത പ്രകാരമുളള നെല്‍കൃഷിയില്‍ കുറ് വന്നിട്ടുണ്ടെങ്കിലും തെങ്ങ്, കവുങ്ങ്, വാഴ, കുരുമുളക് തുടങ്ങിയ കൃഷികള്‍ക്ക് പച്ചക്കറി കൃഷികള്‍ക്കും പ്രയോജനപ്പെട്ടു വരുന്നു.
പദ്ധതി പ്രവര്‍ത്തനത്തിലൂടെ പ്രദേശത്തെ കൃഷിക്കും കുടിവെളള വിതരണത്തിനും പ്രയോജനപ്പെടുന്നതാണ്. നിലവിലെ ഓഫീസുകള്‍ കാര്യക്ഷമമാക്കി കല്ലട ജലസേചന പദ്ധതിയുടെ ഭരണ നിര്‍വ്വഹണം ശാക്തീകരിക്കണമെന്നും പദ്ധതി സംരക്ഷിക്കണമെന്നും പ്രേമചന്ദ്രന് ആവശ്യപ്പെട്ടു.