മലപ്പുറം: കല്ലട ബസിൽ തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിനിക്കു നേരെയുണ്ടായ പീഡന ശ്രമക്കേസിൽ പോലീസ് അന്വേഷണം തുടങ്ങി. യാത്രക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച മണിപ്പാൽ-തിരുവനന്തപുരം കല്ലട ബസിലെ രണ്ടാം ഡ്രൈവർ കോട്ടയം പുതുപ്പള്ളി വേങ്ങാമൂട്ടിൽ ജോണ്സണ് ജോസഫി (39)നെ കോടതി രണ്ടാഴ്ചത്തേക്കു റിമാൻഡ് ചെയ്തു.
കേസ് രജിസ്റ്റർ ചെയ്ത മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം സ്റ്റേഷനിലെ സിഐ ജി. ബാലചന്ദ്രനാണ് കേസന്വേഷിക്കുന്നത്. അന്വേഷണം തുടങ്ങിയതായി അദ്ദേഹം അറിയിച്ചു. ബസിലെ മറ്റു യാത്രക്കാരെ കണ്ടെത്തി സംഭവത്തെക്കുറിച്ചു വിശദവിവരം തേടും. സംഭവത്തിൽ മോട്ടോർ വാഹനവകുപ്പിനോടു ബസ് പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ഇതേക്കുറിച്ചുള്ള റിപ്പോർട്ട് ലഭിച്ചാലുടൻ ഡ്രൈവർക്കു ലൈസൻസ് നൽകിയ കോട്ടയത്തെ മോട്ടോർ വാഹന വകുപ്പു മേധാവിക്കു നൽകും. ഈ ഓഫീസിൽ നിന്നാണ് രണ്ടാം ഡ്രൈവറായ ജോണ്സണ് ജോസഫിനു ലൈസൻസ് ലഭ്യമായത്. അതനുസരിച്ചാണ് കോട്ടയത്തേക്കു റിപ്പോർട്ട് നൽകുന്നത്.
മോട്ടോർ വാഹനനിയമ പ്രകാരം ഡ്രൈവർ യാത്രക്കാരോടു അപമര്യാദയായി പെരുമാറിയാൽ ലൈസൻസ് റദ്ദു ചെയ്യാനുള്ള അധികാരം ആർടിഒയ്ക്കാണ്. ഇതിനുള്ള നടപടി ക്രമങ്ങൾ ഉടൻ പൂർത്തിയാക്കുമെന്നു സിഐ പറഞ്ഞു. ജോണ്‍സന്റെ ലൈസൻസ് റദ്ദാക്കുമെന്നു മന്ത്രി എ.കെ. ശശീന്ദ്രനും പറഞ്ഞിട്ടുണ്ട്.
ഡ്രൈവർ ജോണ്സണ് ജോസഫ് പലവട്ടം ശല്യം ചെയ്തതയാണ് യുവതിയുടെ മൊഴി. എവിടെയാണ് ഇറങ്ങുന്നതെന്നു ചോദിച്ചായിരുന്നു ഇയാൾ ഇടക്കിടെ എത്തിയിരുന്നത്. ഉറക്കത്തിൽ തട്ടിയുണർത്തിയായിരുന്നു ചോദ്യങ്ങൾ. പിന്നീട് ബസ് കോഴിക്കോട്ട് എത്തിയപ്പോഴായിരുന്നു മോശം പെരുമാറ്റം കണ്ടത്.
കോഴിക്കോട്ടാണ് യുവതി ഇറങ്ങുന്നതെന്നു തെറ്റിദ്ധരിച്ചെന്നും അതുപറയാനാണ് വിളിച്ചുണർത്തിയതെന്നുമാണ് ജോണ്‍സന്റെ വാദം. എന്നാൽ ബസിൽ കയറുന്ന സമയത്തും ടിക്കറ്റ് എടുത്ത സമയത്തും യുവതി കൃത്യമായി ഇറങ്ങുന്ന സ്ഥലം ധരിപ്പിച്ചിട്ടുണ്ട്. അതിനാൽ ജോണ്‍സന്റെ മൊഴി പോലീസ് മുഖവിലക്കെടുത്തിട്ടില്ല. ഇതു കളവാണെന്നു പോലീസിനു വ്യക്തമായിട്ടുണ്ട്.
കണ്ണൂരിൽ നിന്നു മധുരയിലേക്കു യാത്രതിരിച്ചതായിരുന്നു യുവതി. വിമാനം ലഭിക്കാത്തതിനാലാണ് കല്ലട ബസിനെ ആശ്രയിച്ചത്. കൊല്ലത്തു ഇറങ്ങി അവിടെ നിന്നു നാട്ടിലേക്കു പോകാനായിരുന്നു തീരുമാനം. കോഴിക്കോട്് ടൗണിൽ വച്ചാണ് യാത്രക്കാരിയെ ഡ്രൈവറായ ജോണ്സണ് ജോസഫ് കടന്നു പിടിക്കാൻ ശ്രമിച്ചത്. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമായി.
തുടർന്നു ബസ് നിർത്താൻ യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ ഇതൊന്നും ചെവിക്കൊള്ളാതെ മുന്നോട്ടു പോവുകയായിരുന്നു. ഇതിനിടെ ബസിലെ ക്ലീനർ യാത്രക്കാർക്കു നേരെ ഭീഷണിയും മുഴക്കി. തുടർന്നു പുലർച്ചെ 1.30നു ദേശീയപാതയിലെ കാക്കഞ്ചേരിയിലെത്തിയപ്പോഴാണ് ബസ് നിർത്തിയത്. ഇതോടെ ബഹളമായി. മറ്റു യാത്രക്കാർ ഉണർന്നതോടെ പ്രശ്നത്തിലിടപ്പെട്ടു.
ഉടൻ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ആദ്യം പോലീസ് കണ്ട്രോൾ റൂമിലായിരുന്നു വിവരം നൽകിയത്. എന്നാൽ പോലീസ് എത്താൻ വൈകിയതോടെ യാത്രക്കാർ സമീപത്തെ തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിലേക്കു ബസ് വിടണമെന്നു ഒന്നടങ്കം പറയുകയായിരുന്നു.
ഇതിനിടെ ബസിലെ ബഹളം അറിഞ്ഞു നാട്ടുകാരും മറ്റു വാഹനയാത്രക്കാരും വിഷയത്തിലിടപ്പെട്ടതോടെ സ്ഥിതിഗതികൾ വഷളാകുമെന്നു കണ്ടു ബസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. സംഭവം നടക്കുന്പോൾ മദ്യലഹരിയിലായിരുന്നു ജോണ്സണ് ജോസഫ് എന്നും വ്യക്തമായിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിനു ഐപിസി 354 വകുപ്പുപ്രകാരമാണ് ഇയാൾക്കതിരേ കേസെടുത്തിരിക്കുന്നത്.