കോട്ടക്കൽ: കല്ലട ബസിൽ യാത്രക്കാരിക്കു നേരെ വീണ്ടും അതിക്രമം. തിരുവനന്തപുരത്തു നിന്നു മംഗലാപുരത്തേക്കു പോവുകയായിരുന്ന ബസിൽ മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ആലുവ സ്വദേശിനിയായ ആക്ടിവിസ്റ്റായ യുവതിയുടെ പരാതിയിൽ കാസർഗോഡ് സ്വദേശിയായ മുനവറി (23)നെ പോലീസ് പിടികൂടി. ഇന്നു പുലർച്ചെ മൂന്നിനാണ് സംഭവം. എതിർ സീറ്റിൽ യാത്ര ചെയ്തിരുന്ന ഇയാൾ യുവതിയുടെ കൈയിൽ തടവിയെന്നാണ് പരാതി. എന്നാൽ താൻ കർട്ടൻ നീക്കുകയായിരുന്നുവെന്നാണ് ഇയാൾ പോലീസിനോടു പറഞ്ഞിള്ളത്. കൊല്ലത്തു നിന്നാണ് മുനവർ കാസർഗോട്ടേക്കു പോയിരുന്നത്.
കാസർഗോഡ് നടക്കുന്ന കലോത്സവവേദിയിലേക്കു പോവുകയായിരുന്നു യുവതി. പീഡനശ്രമത്തിനാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്. കോട്ടക്കൽ എസ്ഐ റിയാസ് ചാക്കീരിയാണ് കേസന്വേഷിക്കുന്നത്. ഏതാനും മാസങ്ങൾക്കു മുന്പു തേഞ്ഞിപ്പലം കാലിക്കട്ട് യൂണിവേഴ്സിറ്റിക്കു സമീപവും കല്ലട ബസിൽ വച്ച് യാത്രക്കാരിക്കു നേരേ അതിക്രമം ഉണ്ടായിരുന്നു.