തൃശൂർ: യാത്രക്കാരെ ആക്രമിച്ച സംഭവത്തിൽ കല്ലട ഗ്രൂപ്പ് ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നത് സംബന്ധിച്ച് നിയമവശം പരിശോധിച്ച ശേഷം നടപടിയെടുക്കും. കളക്ടറേറ്റിൽ ചേർന്ന് റോഡ് ട്രാഫിക് അതോറിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. ജില്ലാ കളക്ടർ ടി.വി.അനുപമയുടെ അധ്യക്ഷതയിലായിരുന്നു യോഗം. കാര്യങ്ങൾ വിശദീകരിക്കാൻ കല്ലട ഗ്രൂപ്പ് ഉടമ സുരേഷിനെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ ഉടമയ്ക്കു പകരം അഭിഭാഷകനാണ് പങ്കെടുത്തത്.
തിരുവനന്തപുരത്തുനിന്ന് ബംഗളുരുവിലേക്ക് പോകുകയായിരുന്ന കല്ലട ബസിൽനിന്ന് മൂന്ന് യാത്രക്കാരെ ബസ് ജീവനക്കാർ മർദിച്ച് ഇറക്കിവിട്ടെന്ന പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. സുരേഷ് കല്ലട ബസ് ജീവനക്കാരായ മൂന്നു പേർക്കെതിരേയാണ് മരട് പോലീസ് കേസെടുത്തത്.
പാലക്കാട് സ്വദേശി മുഹമ്മദ് അഷ്കർ, സുൽത്താൻ ബത്തേരി സ്വദേശി സച്ചിൻ, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവരെയാണ് ജീവനക്കാർ മർദിച്ച് ബസിൽനിന്ന് ഇറക്കിവിട്ടത്. അജയ് ഘോഷ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ബസിൽ ഉണ്ടായിരുന്ന ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിലൂടെയാണ് യുവാക്കൾക്കു നേരെ നടന്ന അതിക്രമം പുറത്തറിയുന്നത്. തുടർന്ന് നിരവധി പരാതികളാണ് കല്ലട ബസിനെതിരെ പുറത്തുവന്നത്. ഏറ്റവും അവസാനം ബസ് ജീവനക്കാർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസും പുറത്തു വന്നിരുന്നു. ഈ പരാതികളുടെ എല്ലാം അടിസ്ഥാനത്തിലാണ് കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കാനുള്ള നടപടിക്ക് തുടക്കം കുറിച്ചത്.