വിവാദങ്ങള്‍ പുത്തരിയല്ലാത്ത കല്ലട ബസ് വീണ്ടും വിവാദത്തില്‍. ബൈക്ക് യാത്രികനെ തട്ടിയിട്ട ശേഷം അസഭ്യം പറയുകയും ശേഷം കുതിച്ചു പായുകയും ചെയ്ത ബസിന്റെ ചില്ല് ഒടുവില്‍ നാട്ടുകാര്‍ എറിഞ്ഞുടയ്ക്കുകയായിരുന്നു. ദേശീയപാതയില്‍ കൊല്ലൂര്‍വിള പള്ളിമുക്കിനടുത്ത് ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. പള്ളിമുക്ക് പെട്രോള്‍ പമ്പിന് സമീപം ബൈക്കില്‍ ഉരസിയ ബസ് നിര്‍ത്താതെ പോയതാണ് സംഭവങ്ങള്‍ക്ക് തുടക്കം.
ബൈക്ക് യാത്രക്കാരെ ബസ് ജീവനക്കാര്‍ അസഭ്യം പറഞ്ഞശേഷം ബസ് വിട്ടുപോയതായി പൊലീസ് പറഞ്ഞു. ഇതിലൊരു ബൈക്ക് ബസ് തട്ടിയിട്ടതോടെ പിന്‍തുടര്‍ന്ന നാട്ടുകാര്‍ ബസിനു നേരേ കല്ലെറിഞ്ഞു. ബസിന്റെ മുന്‍ഭാഗത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. പൊലീസ് സ്ഥലത്തുനിന്ന് ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തു. അപകടം നടന്നയുടന്‍ ബസ് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. ബസിലുണ്ടായിരുന്ന റിസര്‍വ് ഡ്രൈവറെക്കൊണ്ടാണ് ബസ് നടുറോഡില്‍നിന്നു മാറ്റിയത്. നേരത്തെ യാത്രക്കാരെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കല്ലട ബസ് വിവാദത്തില്‍പ്പെട്ടിരുന്നു. നിരവധി നിയമനടപടികളാണ് കല്ലട ട്രാവല്‍സിന് നേരിടേണ്ടി വന്നത്.
ഇതു മാത്രമല്ല കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കാനിറങ്ങിയ യുവതിയെ കയറ്റാതെ ബസ് വിട്ടുപോയതും വിവാദമായി.ബംഗളൂരുവില്‍ ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി. യുവതി തിരുവനന്തപുരത്ത് നിന്ന് ബംഗളൂരിവിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം. തിരുവനന്തപുരം കഴക്കൂട്ടത്തു നിന്നാണ് ഞായറാഴ്ച വൈകീട്ട് 6.45 ന് ബസ് കയറിയതെന്ന് യുവതി പറയുന്നു. രാത്രി 10.30 ഓടെ ബസ് അത്താഴം കഴിക്കുന്നതിനായി നിറുത്തി. തിരുനെല്‍വേലിയിലാണ് ബസ് നിറുത്തിയതെന്ന് പെണ്‍കുട്ടി പറയുന്നു. എന്നാല്‍, ബസ് നിറുത്തി പത്തോ പതിനഞ്ചോ മിനിറ്റുകള്‍ക്കകം വീണ്ടും സ്റ്റാര്‍ട്ട് ചെയ്തു. അപ്പോള്‍ താന്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.
യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് ബസ് സ്റ്റാര്‍ട്ട് ചെയ്തതെന്നും യുവതി ആരോപിക്കുന്നു.ബസ് സ്റ്റാര്‍ട്ട് ചെയ്തതായി കണ്ടതും ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് നിന്ന് എഴുന്നേറ്റ് ബസില്‍ കയറാന്‍ശ്രമം നടത്തി. ബസിനരികിലേക്ക് ഓടിയതായി യുവതി പറയുന്നു. ഇത് കണ്ട് ചുറ്റിലുമുള്ളവര്‍ ശബ്ദമുണ്ടാക്കുകയും കാറുകളിലുള്ളവര്‍ ഹോണ്‍ അടിക്കാനും തുടങ്ങി. ഇതൊന്നും കേള്‍ക്കാതെ ബസ് മുന്നോട്ട് പോകുകയായിരുന്നു. ചിലര്‍ തനിക്ക് ലിഫ്റ്റ് നല്‍കാന്‍ മുന്നോട്ട് വന്നു. ഒടുവില്‍, മറ്റൊരു വാഹനം ബസിന് കുറുകെ നിറുത്തിയാണ് യുവതിക്ക് തുടര്‍യാത്രക്കുള്ള സൗകര്യം ഒരുക്കിയത്. പിന്നോട്ടെടുത്ത് യുവതിയെ കയറ്റാന്‍ ജീവനക്കാര്‍ തയ്യാറായില്ല. ഏകദേശം അഞ്ച് മിനിറ്റോളം ഓടിയാണ് പെണ്‍കുട്ടി ബസില്‍ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പിന്നിലേക്ക് മടങ്ങി വരാന്‍ ബസ് ഡ്രൈവര്‍ തയ്യാറായില്ലെന്നും സംഭവിച്ച കാര്യത്തില്‍ ഒരിക്കല്‍ പോലും ജീവനക്കാര്‍ ഖേദം പ്രകടിപ്പിച്ചില്ലെന്നും പെണ്‍കുട്ടി പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. ഒരു പെണ്‍കുട്ടിയെ രാത്രി തനിച്ചാക്കിയത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍ അവര്‍ ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചതെന്നും പെണ്‍കുട്ടി പറയുന്നു. ബസ് യാത്രക്കിടെ യാത്രക്കാരായ യുവാക്കളെ മര്‍ദിച്ച കേസില്‍ കല്ലടയിലെ ജീവനക്കാര്‍ അടക്കം കുറ്റാരോപിതരാണ്. അതിന്റെ ചൂടാറുംമുമ്പാണ് പുതിയ ആരോപണം.