കോഴിക്കോട്: കഴിഞ്ഞ ദിവസം മെസൂരുവിനടുത്ത ഹുൻസൂരിൽ കല്ലട ബസ് അപകടത്തിൽപ്പെടാൻ കാരണമായതു ഡ്രൈവറുടെ അമിത വേഗതയും തോന്ന്യവാസവുമെന്നു ബസിലെ യാത്രക്കാരി.
അമൃത മേനോൻ എന്ന യാത്രക്കാരിയാണു ബസ് ഡ്രൈവർക്കെതിരേ ആരോപണവുമായി രംഗത്തെത്തിയത്.
കാറിനെ വെട്ടിക്കാൻ ശ്രമിച്ചപ്പോൾ അപകടം സംഭവിച്ചതെന്ന വാർത്ത ശരിയല്ല. ഡ്രൈവറുടെ തോന്ന്യവാസമാണ് എല്ലാത്തിനും കാരണം. രാത്രി ബംഗളുരുവിൽനിന്നെടുത്ത ബസ് അമിതവേഗതയിലായിരുന്നു ഓടിയത്.
അതിനകത്തുള്ള പാസഞ്ചേഴ്സ് രണ്ടു മൂന്നു പേർ ഡ്രൈവറോട് ഫാമിലിയും പ്രഗ്നന്റ് ആയിട്ടുള്ള സ്ത്രീയും മറ്റുള്ളവരുമുള്ള ബസാണെന്നും കുറച്ച് മെല്ലെ ഓടിക്കണമെന്നും പറഞ്ഞിരുന്നു.
നിങ്ങൾ അതേപ്പറ്റി ആലോചിക്കേണ്ട ആവശ്യമൊന്നുമില്ല, ഞങ്ങൾ പോകുന്ന റോഡാണിതെന്നായിരുന്നു ഡ്രൈവറുടെ മറുപടി- അമൃത പറഞ്ഞു.
പുലർച്ചെ ഒന്നരയ്ക്കാണ് അപകടം നടക്കുന്നത്. ബസിൽനിന്ന് പുറത്തിറങ്ങിയപ്പോൾ ക്ലീനർ കാലില്ലാതെ കിടക്കുന്നു. ഒരു യാത്രക്കാരന്റെ കൈവിരലുകൾ അറ്റുപോയി. ഗർഭിണിക്ക് അരുതാത്തതു സംഭവിച്ചു.
എല്ലാം ഡ്രൈവറുടെ തോന്ന്യവാസം കാരണം സംഭവിച്ചതാണ്. എന്റെ തൊട്ടടുത്ത സീറ്റിൽ കിടന്നിരുന്ന പെണ്‍കുട്ടിയാണ് മരിച്ചത്. ആ പെണ്‍കുട്ടി മഹാരാഷ്ട്ര സ്വദേശിനിയാണ്. മലയാളിയല്ല- അമൃത പറയുന്നു.
അവിനാശി അപകടത്തിന്റെ നടുക്കം വിട്ടുമാറും മുന്‍പാണു കഴിഞ്ഞ ദിവസം പുലർച്ചെ ബസ് അപകടത്തിൽപ്പെട്ട്. ബംഗളുരുവിൽനിന്ന് പെരിന്തൽമണ്ണയിലേക്ക് വരികയായിരുന്ന കല്ലട ഗ്രൂപ്പിന്റെ ബസാണ് അപകടത്തിൽ പെട്ടത്. നാഗ്പുർ സ്വദേശി ഷെറിനാണ് അപകടത്തിൽ മരണപ്പെട്ടത്.