പത്തനാപുരം: കല്ലടയാറിനെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ പുതിയ പദ്ധതിയുമായി പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത്. പ്രളയശേഷം കല്ലടയാറ്റിലും തീരങ്ങളിലും അമിതമായ അളവില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയിട്ടുണ്ട്.
നിരവധി കുടിവെള്ള പദ്ധതികള്‍ക്ക് ഉള്‍പ്പെടെ ആശ്രയിക്കുന്നത് കല്ലടയാറ്റിലെ ജലമാണ്. മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയതിനാല്‍ പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ള ജലജന്യരോഗങ്ങള്‍ പകരാനുള്ള സാധ്യതയും ഏറെയാണ്. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ആറ് ഗ്രാമപഞ്ചായത്തുകളുമായും കല്ലടയാര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്.
ഇരുപത്തിയേഴ് കിലോമീറ്റര്‍ ദൂരമാണ് ബ്ലോക്ക് പരിധിയിലൂടെ കല്ലടയാറ് ഒഴുകുന്നത്. ആറിന്റെ പരിധിയിലുള്ള പഞ്ചായത്ത് വാര്‍ഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് ആറിനെ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനം നടത്തുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് സജീഷ് പറഞ്ഞു. ഡിസംബര്‍ എട്ടിന് കല്ലടയാറ് ശുചീകരണപ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം നടക്കും.
പിറവന്തൂര്‍, വിളക്കുടി, തലവൂര്‍, പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര എന്നീ പഞ്ചായത്തുകളിലെ ജനപ്രതിനിധികളെയും കുടുംബശ്രീ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി സ്വാഗതസംഘം രൂപീകരിക്കുമെന്നും എലിക്കാട്ടൂര്‍ ഗവ. എല്‍ പി സ്കൂളില്‍ ചേര്‍ന്ന ആലോചനയോഗത്തില്‍ എസ് സജീഷ് പറഞ്ഞു.
ചടങ്ങില്‍ പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ സോമരാജന്, സ്ഥിരം സമിതി അധ്യക്ഷരായ സുധാ വസന്തന്, മഞ്ജു ഡി നായര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനില്‍ കുമാര്‍, രഞ്ജിത്ത്, രതീശന്, സുജാത, കൃഷ്ണകുമാരി എന്നിവര്‍ പ്രസംഗിച്ചു.