വഡോദര: കല്ലടി കുമരംപുത്തൂര്‍ സ്കൂള്‍ പിന്നെയും നന്നായി നടക്കുകയാണ്, ദേശീയ മീറ്റുകളും മറികടന്ന്. ദേശീയ ജൂണിയര്‍ അത്ലറ്റിക് മീറ്റില്‍ 3000 മീറ്റര്‍ നടത്തത്തില്‍ സ്വര്‍ണം നേടിയ സാന്ദ്ര സുരേന്ദ്രനും നാലാം സ്ഥാനത്തെത്തിയ കെ. അക്ഷയയും കല്ലടി സ്കൂളിന്റെ താരങ്ങള്‍. നടത്തത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് സാന്ദ്ര സ്വര്‍ണം നേടുന്നത്.
കഴിഞ്ഞ വര്‍ഷം കോഴിക്കോട് നടന്ന ദേശീയ മീറ്റിലും സാന്ദ്ര സ്വര്‍ണം നേടിയിരുന്നു. കല്ലടി എച്ച്എസ്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ സാന്ദ്ര, പാലക്കാട് നെന്മാറ കളത്തില്‍ സുരേന്ദ്രന്റെയും സരസ്വതിയുടെയും മകളാണ്. സംസ്ഥാന സ്കൂള്‍ മേളയില്‍ നടത്തത്തില്‍ വെള്ളി നേടിയിരുന്ന അക്ഷയ ഇത്തവണയും സാന്ദ്രയ്ക്കൊപ്പം നടന്നെങ്കിലും നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഉത്തര്‍പ്രദേശിലെ കെ.എം. മുനിത പ്രജാപതിയും പഞ്ചാബിന്റെ ഗുരുപ്രീത് കൗറുമാണ് ഈയിനത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്.