അങ്കമാലി: വാതക്കാട് ഭാരത റാണി പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറ തകർത്ത സംഭവവുമായി ബന്ധപ്പെട്ട് ഏഴംഗ സംഘത്തിനെതിരെ കേസെടുത്ത് അങ്കമാലി പോലീസ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് കല്ലറ തകർത്ത നിലയിൽ കാണപ്പെട്ടത്. തുടർന്ന് പള്ളി വികാരിയും സംഘങ്ങളും ചേർന്ന് കല്ലറ നശിപ്പിച്ചു എന്ന രീതിയിൽ ചിലർ നവ മാധ്യമങ്ങളിലൂടെ വാർത്ത പ്രചരിപ്പിച്ചിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട വികാരി ഫാ. ജോഷി ചിറയ്ക്കലും കൈക്കാരൻമാരും പോലീസിൽ പരാതി നൽകുകയും കല്ലറ തകർത്തവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് വികാരിയും മറ്റും പള്ളിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, വാർത്ത പരത്തിയവർ തന്നെ കല്ലറ തകർക്കുന്ന ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെടുകയും ഞായറാഴ്ച കുർബാനയ് ക്കെത്തിയ സംഘത്തിലൊരാളെ തടഞ്ഞുവച്ച് പോലീസിന് കൈമാറുകയുമായിരുന്നു.
തുടർന്ന് അങ്കമാലി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കല്ലറ പൊളിച്ചത് വികാരിയും ഭാരവാഹികളുമാണെന്ന് കാണിച്ച് കല്ലറ പൊളിച്ച സംഘം തന്നെ അതിരൂപതയിലും പോലീസ് മേധാവികൾക്കും പരാതിയും നൽകിയിരുന്നു.
കല്ലറ പൊളിക്കലിന് പങ്കുണ്ടായിരുന്നവരുടെ പേരുവിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് അങ്കമാലി സി.ഐ മുഹമ്മദ് റിയാസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
28 ന് നടന്ന ദ്യശ്യങ്ങളുടെ പകർപ്പ് വികാരി പോലീസിന് കൈമാറി. നിരവധി തവണ കൃത്രിമ വാർത്തകൾ സൃഷ്ടിച്ച് ഇടവകയെ അപകീർത്തിപ്പെടുത്തുന്നതും വ്യക്തിപരമായി തേജോവധം ചെയ്യുന്നതും നിത്യസംഭവമാണെന്നും വികാരി. ഫാ.ജോഷി ചിറയ്ക്കൽ പറഞ്ഞു.
സംഭവമറിഞ്ഞ് വൻ ജനാവലി പള്ളി പരിസരത്ത് തടിച്ചു കൂടി.