കോട്ടയം: കഴിഞ്ഞ ദിവസം കോട്ടയത്തെ ഒരു കടയിൽ കള്ളനോട്ടുകൾ കണ്ടെത്തിയ സംഭ വത്തിന് എരുമേലി ബന്ധമുള്ളതായി സംശ യം.
അടുത്തിടെ എരുമേലിയിൽ കള്ളനോട്ട് കേസിൽ പിടിയിലായ എരുമേലി വയലപ്പറന്പ് സ്വദേശി ഷഫീക്ക് ചെലവാക്കിയ നോട്ടുകൾ കൈമറിഞ്ഞ് കോട്ടയത്ത് എത്തിയതാണോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.
നോട്ടുകൾ പരിശോധിച്ചാൽ മാത്രമേ ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പോലീസ് പറഞ്ഞു.
ഫെഡറൽ ബാങ്ക് ശാഖയുടെ സിഡി എമ്മിൽ 20,000രൂപയുടെ കള്ളനോട്ട് ഷെഫീക്ക് നിക്ഷേപിച്ചിരുന്നു. ഇയാൾക്ക് പണം നൽകിയ വെച്ചൂച്ചിറ സ്വദേശി മണിയപ്പനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മണിയപ്പൻ നല്കിയ കള്ളനോട്ടിലെ കുറച്ച് പണം സിഡിഎമ്മിൽ ഇട്ടതു കൂടാതെ ഷെഫീക്ക് വിവിധ കടകളിൽ എത്തി ചെലവഴിച്ചിരുന്നു. ഈ പണം കണ്ടെത്തുന്നതിനു വേണ്ടിയുള്ള അന്വേഷണവും നടക്കുന്നുണ്ട്.
ദിവസങ്ങൾ കഴിഞ്ഞിട്ടും ഈ പണം കണ്ടെടുക്കാൻ പോലീസിനു കഴിഞ്ഞിട്ടില്ല. ഈ പണമാണോ കോട്ടയത്തെത്തിയതെന്നാണ് സംശയം.
അതേസമയം, ഷെഫീക്ക് പണം നിക്ഷേപിച്ച അക്കൗണ്ടിന്റെ ഉടമയായ എരുമേലി കരിങ്കല്ലുമൂഴി സ്വദേശി ഒളിവിലാണ്. ഇയാൾക്കു വേണ്ടിയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോട്ടയത്ത് താമസിക്കുന്നതിനിടയിൽ പിടിയിലായ തിരുവല്ലയിലെ കള്ളനോട്ട് സംഘവുമായി എരുമേലിയിൽ പിടിയിലായവർക്കു ബന്ധമില്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇവർക്കു കള്ളനോട്ട് ലഭിച്ചിരുന്നതു തമിഴ്നാട്ടിൽ നിന്നുമാണ്. തിരുവല്ലയിൽ പിടിയിലായ സംഘം കള്ളനോട്ടുകൾ അച്ചടിച്ചു വിതരണം ചെയ്യുന്നവരാണ്.
എരുമേലിയിൽ പിടിയിലായവർക്കു കള്ളനോട്ടുകൾ എത്തിച്ചു നല്‍കുന്നവരെക്കുറിച്ചും തമിഴ്നാട്ടിൽ കള്ളനോട്ടുകൾ അച്ചടിക്കുന്നവരെക്കുറിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്.