നെടുന്പാശേരി: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ പിടികൂടിയത് അനധികൃതമായി കടത്താൻ ശ്രമിച്ച 1.43 കോടി രൂപയുടെ സ്വർണം. വിവിധ കേസുകളിലായി 4.6 കിലോ സ്വർണമാണു പിടികൂടിയത്. 62.66 ലക്ഷം രൂപയുടെ 1999 ഗ്രാം സ്വർണവുമായി കാസർകോട് സ്വദേശിയായ യുവതി ഇന്നലെ പിടിയിലായതാണ് ഇതിൽ അവസാനത്തേത്.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദോഹയിൽനിന്നാണു യുവതി എത്തിയത്. സ്വർണ മാലകൾ, പാദസരങ്ങൾ, സ്വർണ തകിടുകൾ എന്നിവ വസ്ത്രത്തിനകത്ത് ഒളിപ്പിച്ചാണു കടത്താൻ ശ്രമിച്ചത്. അബുദാബിയിൽനിന്നും ഇത്തിഹാദ് വിമാനത്തിൽ എത്തിയ കണ്ണൂർ സ്വദേശിയിൽനിന്നും 27.05 ലക്ഷം രൂപ വില വരുന്ന 859 ഗ്രാം സ്വർണവും പിടിച്ചെടുത്തവയിൽ ഉൾപെടും.
ഇയാൾ സ്വർണം ഡിസ്ക് രൂപത്തിലാക്കി ഡ്രൈ ഫ്രയറിന്റെ അടിയിൽ പൊളളയായ ഭാഗത്ത് ഒളിപ്പിച്ചാണു കടത്താൻ ശ്രമിച്ചത്. സംശയം തോന്നിയതിനെത്തുടർന്നു ഡ്രൈ ഫ്രയർ തുറന്നു പരിശോധിക്കുകയായിരുന്നു. ദുബൈയിൽനിന്നും ഇൻഡിഗോ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിയായ യാത്രക്കാരനിൽനിന്നും സ്റ്റീൽ ഫ്ലാസ്കിൽ തകിടാക്കി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 545.8 ഗ്രാം സ്വർണവും ഒരാഴ്ചയ്ക്കുള്ളിൽ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
ഇതിന് 17.19 ലക്ഷം വില വരുമെന്നു കസ്റ്റംസ് അറിയിച്ചു. ഇതു കൂടാതെ അനധികൃതമായി കടത്താൻ ശ്രമിച്ച 10.43 ലക്ഷം രൂപയുടെ വിദേശ കറൻസിയും മൂന്നു കേസുകളായി 2.7 കിലോഗ്രാം വരുന്ന പേസ്റ്റ് രൂപത്തിലുള്ള സ്വർണം അടങ്ങിയ മിശ്രിതവും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്.
പ്രാഥമിക പരിശോധനയിൽ തന്നെ മിശ്രിതത്തിൽ സ്വർണം ഉണ്ടെന്നു തിരിച്ചറിഞ്ഞതിനെ തുടർന്ന് ഇതിൽനിന്നും സ്വർണം വേർതിരിച്ചെടുക്കാൻ കൊച്ചിയിലെ കസ്റ്റംസ് ലാബിലേക്ക് അയച്ചിരിക്കുകയാണ്. മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് പരിശോധനകളിൽ മുന്നിട്ടു നിൽക്കുന്നുവെങ്കിലും കൊച്ചി വിമാനത്താവളംവഴി സ്വർണകടത്ത് കൂടുന്നത് അധികൃതരിലും ആകാംക്ഷ ഉളവാക്കിയിരിക്കുകയാണ്.