നെടുമ്പാശേരി: കനത്ത സുരക്ഷാസംവിധാനം ഒരുക്കിയിരുന്ന കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ, അനധികൃതമായി കടത്താൻ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടിയത് 45 ലക്ഷത്തിന്റെ വിദേശ കറൻസിയും 36 ലക്ഷത്തിന്റെ സ്വർണവും ആറു കോടി രൂപയുടെ ഹാഷിഷും.
27 ന് എത്തിയ രണ്ടു യാത്രക്കാരിൽ നിന്നാണ് വിദേശത്തേക്കു കടത്താൻ എത്തിച്ച വിദേശ കറൻസി പിടിച്ചെടുത്തത്. കോഴിക്കോട് നെല്ലിക്കുന്ന് നെച്ചിപ്പാടത്ത് അഫ്നൽ എൻ. അബ്ദുള്ളയിൽനിന്ന് 26.34 ലക്ഷത്തിന്റെയും തിരുവല്ല സ്വദേശി കലമാൺമിൽ ജോസഫ് ഏബ്രഹാമിൽ നിന്ന് 18.95 ലക്ഷത്തിന്റെയും വിദേശ കറൻസിയാണ് പിടികൂടിയത്.
ഇൻഡിഗോ വിമാനത്തിൽ ദുബായിലേക്കുള്ള യാത്രക്കാരനായിരുന്ന അഫ്നൽ അരിപ്പൊടിയിലാക്കി ഒന്പതു ലക്ഷം രൂപയുടെയും ബാഗേജിന്റെ പ്രത്യേക അറയിൽ ഒളിപ്പിച്ച് 17 ലക്ഷം രൂപയുടെയും വിദേശ കറൻസി കടത്താനായിരുന്നു ശ്രമം. എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ ദോഹയ്ക്ക് പോകാനെത്തിയതാണ് ജോസഫ് ഏബ്രഹാം. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ കറൻസി കടത്താൻ ശ്രമിച്ചത്. യുഎസ് ഡോളർ, കുവൈറ്റ് ദിനാർ, യുഎഇ ദിർഹം എന്നിവയാണ് പിടികൂടിയത്.
അബ്ദുൾ അജീസ് എന്ന യാത്രക്കാരനിൽനിന്ന് എമർജൻസി ലൈറ്റിന്റെ ബാറ്ററിയിൽ ചതുര തകിടു രൂപത്തിൽ കടത്താൻ ശ്രമിച്ച 10,16,783 രൂപ വില വരുന്ന 339 ഗ്രാം സ്വർണവും ജസീൽ പുതിയപാലം എന്ന യാത്രക്കാരനിൽ നിന്ന് ബോൾ പേനയുടെ ഉള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച 6,98, 851 രൂപ വില വരുന്ന 233 ഗ്രാം വരുന്ന സ്വർണവും സിന്റോ മാഞ്ഞാലി എന്ന യാത്രക്കാരൻ ഷൂവിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 16,24,153 രൂപ വില വരുന്ന 250 ഗ്രാം വരുന്ന മൂന്ന് സ്വർണമാലയും ഷാജി കിഴക്കേമുറിയെന്ന യാത്രക്കാരൻ ഹാൻഡ് ബാഗിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 2,71,442 രൂപ വില വരുന്ന 90.50 ഗ്രാം വരുന്ന മൂന്ന് സ്വർണനാണയങ്ങളും ഒരു വളയും പിടികൂടി.
എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ ദോഹയ്ക്ക് പോകാനെത്തിയ മലപ്പുറം കൂനോൽമാട് പുത്തൂർപള്ളിക്കൽ പട്ടയിൽ മുബാഷിറിൽ നിന്നാണ് 1.6 കിലോ ഹാഷിഷ് പിടിച്ചത്. ഇതിന് മാർക്കറ്റിൽ 1.5 കോടി വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. ഇയാളുടെ ബാഗേജിൽ നിന്നാണ് ഹാഷിഷ് കണ്ടെടുത്തത്. ബാഗേജിനുള്ളിൽ പ്രത്യേകമായി പൊതിഞ്ഞ് വിദഗ്ധമായി ഒളിപ്പിച്ചിരിക്കുകയായിരുന്നു.
ഇതുകൂടാതെ കഴിഞ്ഞ ജൂണിൽ കൊച്ചി വിമാനത്താവളത്തിൽ 11 കോടിയുടെ വിദേശ കറൻസി കടത്താൻ ശ്രമിച്ച അഫ്ഗാൻ സ്വദേശിയെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി പോലീസിനു കൈമാറി. അഫ്ഗാൻ സ്വദേശി യൂസഫ് മുഹമ്മദ് സിദ്ദിഖിനെയാണ് പിടികൂടിയത്.