തിരുവനന്തപുരം: പിടികിട്ടാപ്പുള്ളിയും കരിപ്പൂർ സ്വർണക്കടത്തു കേസിലെ മൂന്നാം പ്രതിയുമായ അബു ലൈസിനൊപ്പം യുഡിഎഫ് നേതാക്കൾ നിൽക്കുന്ന ചിത്രം പുറത്ത്. യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസും കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖും അബുലൈസിനൊപ്പം നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചെടുത്ത ചിത്രങ്ങളാണ് ഇതെന്നാണ് റിപ്പോർട്ട്.
അതേസമയം, അബു ലൈസിനെ നേരിട്ട് പരിചയമില്ലെന്ന് ടി.സിദ്ദിഖ് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ദുബായിയിൽ പോയപ്പോൾ ആരെങ്കിലും എടുത്തതാവാം ഫോട്ടോ. ഇതുമായി ബന്ധപ്പെട്ട് ഏതന്വേഷണവും നേരിടാൻ തയാറെന്നും അദ്ദേഹം പറഞ്ഞു. അബുലൈസുമായി ബന്ധമില്ലെന്നും പി.കെ. ഫിറോസ് പറഞ്ഞു. അന്വേഷണം നേരിടാൻ തയാറാണെന്ന് യൂത്ത് ലീഗ് നേതാവ് കൂട്ടിച്ചേർത്തു.
നേരത്തേ, അബുലൈസിനൊപ്പം ഇടതു എംഎൽഎമാർ നിൽക്കുന്ന ചിത്രങ്ങൾ പുറത്തു വന്നതു വിവാദമായിരുന്നു. അബുലൈസിനൊപ്പം ഇടതു എംഎൽഎമാരായ കാരാട്ട് റസാഖും പി.ടി.എ.റഹീമും നിൽക്കുന്ന ചിത്രമാണ് വിവാദമായത്.